കൊച്ചി : സാമ്പത്തിക ബാധ്യതകൾ തീർക്കാൻ വേണ്ടിയാണ് ആഭിചാര കൊല നടത്തിയത് എന്ന് പത്തനംതിട്ടയിൽ പിടിയിലായ ദമ്പതികൾ പോലീസിന് മൊഴി നൽകി. നിരവധി കടങ്ങൾ അടച്ചുതീർക്കാൻ ഉണ്ടായിരുന്നു. നരബലി നടത്തിയാൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന് മുഹമ്മദ് ഷാഫി തങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതുകൊണ്ടാണ് രണ്ട് സ്ത്രീകളെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്ന് ഇവർ മൊഴി നൽകി.
ദമ്പതികളുടെ മൊഴിയിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. ഇവരുടെ കടബാധ്യതകളെക്കുറിച്ചാകും പോലീസ് അന്വേഷിക്കുക. കടമെടുത്ത പണം എന്തിന് വേണ്ടിയാണ് ചെലവഴിച്ചത് എന്നത് സംബന്ധിച്ച അന്വേഷണവും നടത്തും.
അതേസമയം കേസിലെ മൂന്ന് പ്രതികളെയും നാളെ കൊച്ചി ഹൈക്കോടതിയിൽ ഹാജരാക്കുമെന്ന് ഡിഐജി നിശാന്തിനി അറിയിച്ചു. കൊലയുടെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോട് സഹരിക്കുന്നില്ലെന്നും ഡിഐജി കൂട്ടിച്ചേർത്തു.
ഭഗവൽ സിംഗിന്റെ വീട്ടുവളപ്പിലെ നാലിടങ്ങളിൽ നിന്നായാണ് പത്മയുടെയും റോസ്ലിന്റെയും മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്. റോസ്ലിന്റെ മൃതദേഹം അഞ്ച് കഷണങ്ങളാക്കി കുഴിയിൽ മൂടി മഞ്ഞൾ നട്ടു. കുഴിയിൽ നിന്ന് ചെരുപ്പും ബാഗും മൺകുടവും കണ്ടെടുത്തിട്ടുണ്ട്. പത്മയുടെ മൃതദേഹം 22 കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. നാല് അടി താഴ്ചയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇതിന് മുകളിൽ ഉപ്പ് വിതറുകയും ചെയ്തിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും.















