പാലക്കാട് : മദ്യം വാങ്ങി വന്നയാളെ ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ബിവറേജസിൽ നിന്ന് മദ്യം വാങ്ങി വരുന്നതിനിടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ബിവറേജസിൽ നിന്ന് മൂന്ന് ലിറ്റർ മദ്യവും വാങ്ങി വരുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്. 15,000 രൂപയാണ് ഉദ്യോഗസ്ഥൻ കൈക്കൂലിയായി ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ കേസിൽ കുടുക്കുമെന്നും പറഞ്ഞു. 5000 രൂപ ഇയാൾ ഗൂഗിൾ പേ വഴി കൈക്കൂലിയായി വാങ്ങിയെന്നും പരാതിയുണ്ട്.
എക്സൈസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തി വകുപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments