പീഡനങ്ങൾക്ക് പഞ്ഞമില്ലാത്ത കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും പുതിയ പീഡന വാർത്തയാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കേന്ദ്രീകരിച്ച് ഉയർന്നു വരുന്നത്. എംഎൽഎ പീഡിപ്പിച്ചു എന്ന പരാതിയുടെ ആധികാരികതയും പെൺകുട്ടിയുടെ പൂർവകാല ചരിത്രവുമൊക്കെ നിരത്തി പ്രതിരോധിക്കാൻ കോൺഗ്രസ് ഒരു വശത്ത് ശ്രമം നടത്തുമ്പോൾ, പെൺകുട്ടിക്ക് എന്ത് വില കൊടുത്തും നീതി വാങ്ങി കൊടുത്തേ അടങ്ങൂ എന്ന കപട വാശിയുമായി മറുവശത്ത് പീഡന തീവ്രത അളക്കുന്ന യന്ത്രത്തിന്റെ ഉപജ്ഞാതാക്കളും അരങ്ങ് കൊഴുപ്പിക്കുന്നു.
പത്തനംതിട്ട ഇലന്തൂരിലെ നരബലി-നരഭോജനം കേരളീയ മനസ്സാക്ഷിയിൽ തീ കോരിയിട്ട ദിവസം തന്നെയാണ് എംഎൽഎയുടെ പീഡന വാർത്തയും പുറത്ത് വന്നത്. അതിനാൽ തന്നെ ടൈമിംഗിന്റെ ഒരു ആനുകൂല്യം മാദ്ധ്യമങ്ങളിൽ കുറച്ച് മണിക്കൂറുകൾ എങ്കിലും എംഎൽഎയ്‌ക്ക് കിട്ടി. ഏതായാലും, ലേശം വൈകി ആണെങ്കിലും കുന്നപ്പിള്ളിയുടെ പീഡനം ആരോപണം ഇപ്പോൾ ചർച്ച വിഷയമാണ്. കോൺഗ്രസിലെ വഴിപിഴച്ച സന്തതിയെ ചില്ലറയൊന്നുമല്ല മലയാളികൾ എയറിൽ കയറ്റിയിരിക്കുന്നത്.
പീഡന പരാതി കൈയിൽ നിന്നും പിടി വിട്ട് പോവുകയും, കേസ് ഒതുക്കാൻ വാഗ്ദാനം ചെയ്ത ലക്ഷങ്ങളുടെ കണക്കുകൾ പുറത്ത് വരികയും, ഒതുക്കത്തിൽ ഒത്തു കിട്ടിയ പൊന്മുട്ടയിടുന്ന താറാവായി എംഎൽഎയെ മുതലാക്കി കേസ് ഒതുക്കാൻ ശ്രമിച്ച പോലീസുകാരുടെ വിവരങ്ങൾ കൂടി വെളിച്ചത്താവുകയും ചെയ്തതോടെ, അർദ്ധരാത്രിയിൽ സൂര്യൻ ഉദിച്ച അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ്. ഭാരതത്തെ ഒരുമിപ്പിക്കാൻ രാഹുൽ ഗാന്ധി ആജീവനാന്ത ഭാവി പ്രധാനമന്ത്രി ചുരം കയറിയിറങ്ങുമ്പോൾ, നനഞ്ഞ കോൺഗ്രസിന് ഏറെ കുറേ വിത്തിടാൻ കഴിയുന്ന ഏക രാഷ്‌ട്രീയ ഭൂമികയായ കേരളത്തിൽ അന്തകവിത്ത് പാകി നാടു വിട്ടിരിക്കുകയാണ് കുന്നപ്പിള്ളി. സിപിഎമ്മിന്റെ ഭാഗത്തും നിന്നും സംഭവത്തിൽ ഒരു പ്രതിഷേധവും ഉയരുന്നില്ല.
എംഎൽഎ ഗണേശ് യുഡിഎഫിൽ ആയിരുന്നപ്പോൾ സഖാക്കൾക്ക് സദാചാര വിരുദ്ധൻ ആയിരുന്നു. മറുകണ്ടം ചാടിയപ്പോൾ അദ്ദേഹം വികസന നായകനാണ്. ശശിമാരും കോട്ടമുറിക്കലും ഉമ്മ സമര വിപ്ലവ നക്ഷത്രങ്ങളും ഇടത് സാഹിത്യ ബുദ്ധിജീവികളും തൊട്ട് ലോക്കൽ- ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ വരെ പാർട്ടി ഓഫീസിലും പര്യമ്പറത്തും തത്പര കക്ഷികളെ നവോത്ഥാന യജ്ഞങ്ങളിൽ പങ്കാളികൾ ആക്കാൻ മത്സരിക്കുന്നത് കൊണ്ടാവാം, എൽദോസിനും സിപിഎമ്മിന്റെ ഭാഗത്തും നിന്നും ഇളവ് ലഭിക്കുന്നുണ്ട്. ഗണേശും ജോസ് കെ മാണിയും മൂലധന സൂക്തങ്ങളിൽ ആകൃഷ്ടരായി വിപ്ലവ പാത സ്വീകരിച്ച മാതൃകയിൽ എൽദോസ് കുന്നപ്പിള്ളി വന്നാലോ എന്നു കരുതിയാവും സിപിഎമ്മിന്റെ മൃദുസമീപനം.
Comments