കോഴിക്കോട്: മന്ത്രവാദ ചികിത്സയുടെ പേരിൽ മദ്രസ അദ്ധ്യാപകന്റെ വീട്ടിൽ സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. ഒന്നര ലക്ഷം രൂപയും ഏഴ് പവന്റെ സ്വർണവുമാണ് ഇയാൾ കവർന്നത്.
ആവിക്കലിൽ താമസിക്കുന്ന പാലക്കാട് ആലത്തൂർ സ്വദേശിയായ മദ്രസ അദ്ധ്യാപകന്റെ സ്വർണവും പണവുമാണ് ഷാഫി മോഷ്ടിച്ചത്. സംഭവത്തിൽ അദ്ധ്യാപകൻ പരാതി നൽകിയതിന് പിന്നാലെ ഷാഫി ഒളിവിൽ പോകുകയായിരുന്നു. പരാതിയിൽ കേസ് എടുത്ത പയ്യോളി പോലീസ് കോഴിക്കോട് നിന്നാണ് ഷാഫിയെ പിടികൂടിയത്.
നാല് മാസങ്ങൾക്ക് മുൻപ് തീവണ്ടിയാത്രയ്‌ക്കിടെയാണ് മദ്രസ അദ്ധ്യാപകനും ഷാഫിയുമായി പരിചയത്തിലായത്. നേരത്തെയുണ്ടായ അപകടത്തെ തുടർന്ന് വലിയ ശാരീരിക ബുദ്ധിമുട്ടുകൾ മദ്രസ അദ്ധ്യാപകൻ നേരിടുന്നുണ്ട്. ഇക്കാര്യം ഷാഫിയോട് അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് രോഗശാന്തിയ്‌ക്കായി മന്ത്രവാദ ചികിത്സ നടത്താൻ ഷാഫി ഉപദേശിക്കുകയായിരുന്നു.
നിസ്‌കരിക്കാനെന്ന വ്യാജേന എത്തിയായിരുന്നു പണവും സ്വർണവും ഇയാൾ മോഷ്ടിച്ചത്. നിസ്‌കാര ശേഷം വീട്ടിലേക്ക് മടങ്ങിയ ഷാഫി അദ്ധ്യാപകനെ വിളിച്ച് അലമാരയിൽ സൂക്ഷിച്ച സ്വർണ്ണവും പണവും അവിടെയുണ്ടോ എന്ന് പരിശോധിക്കണമെന്നും ചാത്തൻ സേവയിലൂടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിച്ചു. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.















