ബ്രിസ്ബെയ്ൻ: ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഒറ്റ പന്തിൽ കാര്യങ്ങൾ മാറിമറയാം. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ ഓസ്ത്രേലിയയെ തോൽപ്പിച്ചത് അവസാന ഓവറിലെ മാസ്മരിക പ്രകടനത്തിലൂടെയാണ്. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ ഓസീസിന് ജയിക്കാൻ വേണ്ടത് 11 റൺസ്. നാല് വിക്കറ്റുകൾ ആതിഥേയർക്ക് അവശേഷിക്കുന്നുണ്ടായിരുന്നു.
ഓവറിലെ ആദ്യ പന്തിൽ 2 റൺസ് ഓസീസ് ബാറ്റർ കമ്മിൻസ് നേടി. അടുത്ത പന്ത് മിഡ് വിക്കറ്റിലേക്ക് പായിച്ച കമ്മിൻസ് രണ്ട് റൺസ് ഓടിയെടുത്തു. കളി ജയിക്കാൻ കംഗാരുകൾക്ക് വേണ്ടത് 4 പന്തിൽ 7 റൺസ് മാത്രം. എന്നാൽ മൂന്നാമത്ത പന്തിൽ അവിശ്വസനീയമായ ക്യാച്ചിലൂടെ വിരാട് കോഹ്ലി കമ്മിൻസിനെ പുറത്താക്കി.
ലോങ് ഓണിലേക്ക് ഉയർത്തി അടിച്ച പന്ത് കോഹ്ലി ഒറ്റകൈയ്യിൽ ഒതുക്കുകയായിരുന്നു. തുടർന്നെത്തിയ ആഷ്ടൺ അഗർ ആദ്യ പന്തിൽ തന്നെ റണ്ണൗട്ടായി. അതോടെ ജയിക്കാൻ രണ്ട് പന്തിൽ 7 റൺസ് എന്ന സ്ഥിതിയായി. അഞ്ചാമത്തെ പന്ത് യോർക്കറിലൂടെ ജോൺ ഇൻഗ്ലിസിന്റെ കുറ്റിതെറിപ്പിച്ചു.
അവസാന പന്ത് നേരിടാനെത്തിയ കെയ്ൻ റിച്ചാർഡ്സണും ഷമിയുടെ യോർക്കറിനെ അതിജീവിക്കാനായില്ല. ക്ലീൻ ബൗൾഡിലൂടെ റിച്ചാർഡ്സണെയും ഷമി പുറത്താക്കിയപ്പോൾ ഇന്ത്യ നേടിയത് ആറ് റൺസിന്റെ അത്യുജ്വല വിജയം.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. ഓപ്പണർ രാഹുൽ 57 റൺസും മദ്ധ്യനിര താരം സൂര്യകുമാർ യാദവ് 50 റൺസും നേടി. ഓസ്ട്രേലിയക്ക് വേണ്ടി കെയ്ൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി. 54 പന്തിൽ 76 റൺസ് നേടിയ ക്യാപ്ടൻ ആരോൺ ഫിഞ്ച് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മിച്ചൽ മാർഷ് 18 പന്തിൽ 35 റൺസ് നേടി.
Comments