മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുഗന്റെ വലിയ വിജയത്തിന് ശേഷം മോഹൻലാൽ-വൈശാഖ്-ഉദയകൃഷ്ണ ടീം ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഇപ്പോൾ സിനിമയെപ്പറ്റിയുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി സാധിക വേണുഗോപാൽ. ‘മോൺസ്റ്റർ എന്തുകൊണ്ട് പ്രത്യേകത ഉള്ളതാകുന്നു’ എന്ന് വീഡിയോയിലൂടെ വ്യക്തമാക്കുകയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാധിക. സിനിമയുടെ പേര് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യകത. ഒരുപാട് സസ്പെൻസ് നിറഞ്ഞ ഒരു ചിത്രമാണ് മോൺസ്റ്റർ എന്ന് നടി വെളിപ്പെടുത്തി. ആശിർവാദ് സിനിമാസിന്റെ ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രത്യേകതയെന്നും നടി പറയുന്നു. പുലിമുരുകൻ ടീമിനൊപ്പം ഒരുമിക്കാൻ സാധിച്ചതിൽ സന്തോഷം. സ്പെഷ്യലായി പറയേണ്ടത്, വലിയ ഒരു പ്രൊഡക്ഷൻ കമ്പനിയുടെയും ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന്റെയും ട്രെയിലറിൽ ഭാഗമായതിൽ സന്തോഷമുണ്ടെന്നും സാധിക പറഞ്ഞു.
ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിൽ മോഹൻലാൽ എത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നു. ഉദയ് കൃഷ്ണയാണ് മോൺസ്റ്ററിന്റെ രചന. സിദ്ധിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. സതീശ് കുറുപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിക്കുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്. ഷമീർ മുഹമ്മദ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായിരുന്നു. U/A സർട്ടിഫിക്കറ്റാണ് മോൺസ്റ്ററിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 21-ന് സിനിമ തിയറ്ററുകളിലെത്തും.
Comments