മുംബൈ: കോടതികൾ അവധിയെടുക്കുന്ന രീതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതി. ഒക്ടോബർ 22ന് തുടങ്ങി നവംബർ 9നാണ് ദീപാവലി അവധി അവസാനിക്കുക. ഇതിന് ശേഷം ഹർജി പരിഗണിക്കുമെന്നാണ് കോടതി ഉത്തരവിട്ടത്.
നീണ്ട അവധിക്കാലം എടുക്കുന്ന ഹൈക്കോടതി ഷെഡ്യൂളിൽ പുനപരിശോധന ആവശ്യപ്പെട്ട് സബീന ലക്ദവാലയാണ് പൊതുതാല്പര്യ സമർപ്പിച്ചത്. നീതി ലഭിക്കാനുള്ള പൗരന്റെ അവകാശത്തെ ഇത്തരം അവധികൾ ബാധിക്കുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
ജഡ്ജിമാർ അവധിയെടുക്കുന്നതിന് എതിരല്ലെന്നും എന്നാൽ ജുഡീഷ്യറിയിലെ അംഗങ്ങൾ ഒരേസമയം അവധിയെടുക്കുന്നതാണ് ചോദ്യം ചെയ്യുന്നതെന്നും ഹർജിയിൽ പറയുന്നു. വർഷം മുഴുവനും പ്രവർത്തിക്കുന്ന ഒന്നായി കോടതികൾ മാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസുമാരായ എസ്.വി ഗംഗാപൂർവാല, ആർ.എൻ ലദ്ദ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് ഹർജി സമർപ്പിച്ചത്.
ഹൈക്കോടതിയിലെ അവധികൾ വ്യക്തമാക്കുന്ന 2022ലെ കലണ്ടർ കഴിഞ്ഞ വർഷം നവംബറിൽ തന്നെ ലഭ്യമാക്കിയിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ ഹർജിയുമായി വന്നതെന്ന് കോടതി ചോദിച്ചു. തുടർന്ന് അടുത്ത മാസം 15ന് ഹർജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
എല്ലാ വർഷവും മൂന്ന് ഇടവേളകളാണ് ഹൈക്കോടതി എടുക്കുക. വേനൽക്കാല അവധി (ഒരു മാസം), ദീപാവലി അവധി (രണ്ടാഴ്ച), ക്രിസ്മസ് അവധി (ഒരാഴ്ച). അവധി ദിവസങ്ങളിൽ അടിയന്തിര ജുഡീഷ്യൽ വ്യവഹാരങ്ങൾക്കായി പ്രത്യേക അവധിക്കാല ബെഞ്ചുകളും ലഭ്യമാണ്.
നീണ്ട കോടതി അവധികൾ കൊളോണിയൽ കാലഘട്ടത്തിന്റെ തിരുശേഷിപ്പാണെന്നും ഇത്തരം നടപടികൾ തുടർന്നുകൊണ്ടുപോകുന്നത് ജുഡീഷ്യൽ സംവിധാനത്തിന്റെ തകർച്ചയ്‌ക്ക് കാരണമാകുമെന്നുമാണ് ഹർജിയിൽ പറയുന്നത്. ജഡ്ജിമാർക്കും അഭിഭാഷകർക്കും അവധി നിഷേധിച്ച് അവരുടെ ജോലിഭാരം വർധിപ്പിക്കണമെന്നല്ല വാദമെന്നും ഒരേസമയം എല്ലാ അംഗങ്ങളും അവധിയെടുക്കുന്നതിലുള്ള എതിർപ്പാണ് ചൂണ്ടിക്കാട്ടുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.















