ആഗോള ഭാഷയായ ഇംഗ്ലീഷിനൊപ്പം രാഷ്ട്രഭാഷയായ ഹിന്ദിക്കും പ്രാധാന്യം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ വക്രീകരിച്ചും, തമിഴ് ജനതയ്ക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചും, ഹിന്ദി വിരുദ്ധതയിലൂടെ പ്രാദേശിക വാദം എന്ന അപകടകരമായ രാഷ്ട്രീയ അന്തരീക്ഷം നെയ്തെടുത്തും രാജ്യത്ത് വിഘടനവാദം വളർത്തി മുതലെടുപ്പ് നടത്താൻ കാലാകാലങ്ങളായി ശ്രമിച്ച് പോരുന്ന ഡിഎംകെയുടെ പുതിയ അടവായിരുന്നു, സ്റ്റാലിന്റെ മകൻ ഉദയനിധിയുടെ ‘ഹിന്ദി തെരിയാത് പോടാ‘ എന്ന സിനിമാ ഡയലോഗ്. അറിവില്ലായ്മയെ അലങ്കാരമായി കൊണ്ട് നടക്കുന്ന വിവരദോഷം എന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം പേർക്കും തോന്നുന്ന ഡയലോഗിനെ വേദവാക്യമായി എടുത്ത് ആഘോഷിക്കുകയാണ് തമിഴ്നാട്ടിലെ ഒരു വിഭാഗം ജനങ്ങളും ചില രാഷ്ട്രീയ പാർട്ടികളും. കേന്ദ്ര സർക്കാർ എന്തു പറഞ്ഞാലും മുന്നും പിന്നും നോക്കാതെ എതിർക്കുന്ന ചില മാദ്ധ്യമങ്ങളും, സ്റ്റാലിന്റെ കനിവിൽ ലോക്സഭയുടെ അകത്ത് കയറിക്കൂടാൻ ഭാഗ്യം സിദ്ധിച്ച കമ്മ്യൂണിസ്റ്റുകാരും ആ ഡയലോഗ് ഏറ്റെടുത്തു.
തമിഴ് പഠിക്കരുതെന്നോ, തമിഴിന് പകരം ഐച്ഛികമായി ഹിന്ദിയോ സംസ്കൃതമോ പഠിക്കണമെന്നോ അല്ല കേന്ദ്ര സർക്കാർ പറഞ്ഞത്. മറിച്ച്, മറ്റ് ഭാഷകൾക്കൊപ്പം ഹിന്ദി കൂടി പഠിക്കണം എന്ന് മാത്രമാണ് അതിന്റെ അർത്ഥം. യാതൊരു നിർബന്ധബുദ്ധിയും കൂടാതെ ഒരു നിർദ്ദേശം മാത്രമാണ് കേന്ദ്രസർക്കാർ മുന്നോട്ട് വച്ചത്. ഇതിനെതിരേയാണ്, ഗോകർണത്ത് മഴ പെയ്യുന്നതിന് ഗോവർദ്ധനത്തിലേ ശീല ഉയർത്തുന്ന മട്ടിൽ പ്രതിഷേധ ഗീർവാണങ്ങൾ കത്തിച്ചു വിടുന്നത്. ദേശീയ ഭാഷയായ ഹിന്ദി പഠിക്കാൻ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെങ്ങും ആർക്കും വിമുഖത ഇല്ലെന്നിരിക്കെ, തമിഴ് നാട്ടിലെ ഒരു വിഭാഗത്തിന് മാത്രം എന്താണ് പ്രശ്നം? ആ ചോദ്യത്തിനുള്ള ഉത്തരമായി ചിലർ പറയുന്ന ന്യായീകരണമാണ് തമിഴന്റെ സ്വത്വവാദം എന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഇല്ലാത്ത എന്ത് സ്വത്വവാദമാണ് ഒരു വിഭാഗത്തിന് മാത്രമായി അനുവദിച്ച് കൊടുക്കേണ്ടത്? മതത്തിന്റെ പേരിൽ കശ്മീരിൽ അനുവദിച്ചു കൊടുത്ത സ്വത്വവാദത്തിന്റെ കെടുതികൾ ഇന്നും രാജ്യം പേറിക്കൊണ്ടിരിക്കുകയാണ്. ഭാഷയുടെ പേരിലും ഇനി അത് അനുവദിച്ചു കൊടുക്കേണ്ടതുണ്ടോ എന്നത് മലയാളികളും തമിഴനും ബംഗാളിയും ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്.
മൃഗങ്ങളുടേയും മനുഷ്യന്റേയും പരിസ്ഥിതിയുടേയും സുരക്ഷ പരിഗണിച്ച് സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചപ്പോൾ, രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ച് തമിഴ്നാട്ടിൽ കലാപം അരങ്ങേറിയിട്ട് അധികകാലം ആയിട്ടില്ല. സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചപ്പോൾ സമരങ്ങളെ തന്ത്രപരമായി കേന്ദ്രസർക്കാരിന് നേരെ തിരിച്ചുവിടാൻ ശ്രമം നടന്നു. അടിയന്തിരമായാലും കല്ല്യാണമായാലും സദ്യക്കും പത്ത് പരദൂഷണത്തിനും വകുപ്പുണ്ടെങ്കിൽ അവിടേക്ക് വച്ചു പിടിക്കുന്ന ചില നിർഗുണന്മാരെപ്പോലെ, ജെല്ലിക്കെട്ട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും അന്ന് മറീന ബീച്ചിലേക്ക് പോയി. സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനത്തിന് നിങ്ങൾ ഇവിടെ കിടന്ന് പുക്കാറുണ്ടാക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന്, തമിഴന്റെ സ്വത്വം സംരക്ഷിക്കാൻ എന്നായിരുന്നു സിപിഐ നേതാവ് രാജയുടെ മറുപടി. അന്ന് സുപ്രീം കോടതി വിധിക്കെതിരെ സമരം ചെയ്തവരാണ്, ഒരു വർഷത്തിന് ശേഷം സുപ്രീം കോടതി വിധി നടപ്പിലാക്കാൻ എന്ന പേരിൽ യുവതികളെ തലയിൽ മുണ്ടിട്ട് മലകയറ്റിയതും, നവോത്ഥാന മതിൽ പണിതതും എന്നതാണ് ‘ഇന്ദ്ര ചന്ദ്രന്മാരെ‘ വരെ ചിരിപ്പിക്കുന്ന പ്രബുദ്ധ വിരോധാഭാസം.
കൊളോണിയൽ അധിനിവേശത്തിന്റെ കാലത്ത് തമിഴ്നാട്ടിലെ ബ്രാഹ്മണരെയും ഇതര വിഭാഗങ്ങളെയും തമ്മിൽ തെറ്റിക്കാൻ റോബർട്ട് കാൾഡ്വെൽ എന്ന പാതിരിയാണ് ദ്രാവിഡ സ്വത്വം എന്ന ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. അന്ന് മതപരിവർത്തനത്തിന് വേണ്ടി കാൾഡ്വെൽ പ്രയോഗിച്ച വിഘടനവാദത്തിന്റെ ആ ആശയം, പിന്നീട് തമിഴ്നാട്ടിലെ കോൺഗ്രസുകാരടക്കം എല്ലാവരും താത്കാലിക ലാഭത്തിനായി തരാതരം ഉപയോഗിച്ചു. അതിന്റെ ഏറ്റവും പുതിയ ഗുണഭോക്താക്കളാണ് മുത്തുവേൽ കരുണാനിധിയുടെ മകൻ സ്റ്റാലിനും പരിവാരങ്ങളും. ദ്രാവിഡ സ്വത്വം, തമിഴ് സ്വത്വം തുടങ്ങിയ പേരുകളിൽ പ്രാദേശിക വാദികൾ ചെയ്തു കൂട്ടിയ അബദ്ധങ്ങൾ ചില്ലറയല്ല. തമിഴ്നാട്ടിലെ മിക്ക സർവ്വകലാശാലകളിലും ഇന്ന് ഹിന്ദിയോ സംസ്കൃതമോ പഠിപ്പിക്കുന്നില്ല. പ്രാദേശികവാദത്തിന് ശേഷം മാത്രം ദേശീയത എന്നാണ് പുതിയ തലമുറകളെ പോലും പഠിപ്പിക്കുന്നത്. ഇത്തരത്തിൽ, അറിവിനെ നിഷേധിക്കുന്ന അപകടകരമായ സമീപനമാണ് താത്കാലിക ലാഭത്തിനായി കമ്യൂണിസ്റ്റുകാരനും കോൺഗ്രസുകാരനും അനുവദിച്ചു കൊടുക്കുന്നത്. തമിഴ്നാടിന് കൂടുതൽ അധികാരങ്ങൾ നൽകണമെന്നും… തമിഴ്നാടിനെ ആസ്ഥാനമാക്കി ദക്ഷിണേന്ത്യയെ ഭാരതത്തിൽ നിന്നും വേർപെടുത്തി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിക്കണം എന്നുമൊക്കെയുള്ള വാദഗതികൾ ഉയർന്നു കഴിഞ്ഞു. ഇവയോടൊക്കെയും നിശബ്ദത പുലർത്തുകയാണ് ഈ രാജ്യത്തെ കോൺഗ്രസുകാരനും കമ്മ്യൂണിസ്റ്റുകാരനും.
ഇനി, തമിഴന്റെ ഭാഷാബോധത്തേയും ദ്രാവിഡ സ്വത്വബോധത്തേയും പരിപോഷിപ്പിക്കാൻ ചിദംബരത്തേക്ക് വിമാനം കയറുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകാരനോടും കോൺഗ്രസുകാരനോടും ഒരു വാക്ക്. മലയാളം എന്ന നമ്മുടെ മാതൃഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന മഹാൻ ജനിച്ച മണ്ണാണ് മലപ്പുറം ജില്ലയിലെ തിരൂർ. അവിടെ ആദ്യം ഭാഷാപിതാവിന്റെ ഒരു പ്രതിമ സ്ഥാപിക്കാൻ നോക്കുക. എഴുത്തച്ഛന്റെ ഒരു ഛായാചിത്രമോ ഫ്ലക്സോ എങ്കിലും സ്ഥിരമായി സ്ഥാപിക്കാൻ കഴിയുമോ. എന്നിട്ട് തമിഴന്റെ ഭാഷാബോധത്തേയും ദ്രാവിഡ സ്വത്വബോധത്തേയും ഉദ്ധരിക്കാൻ പോകാം.
Comments