ചെന്നൈ: മദ്ധ്യ ഏഷ്യയിലും തെക്കനേഷ്യയിലും വ്യാപിച്ച് കിടക്കുന്ന നമ്മുടെ അയൽരാജ്യമാണ് അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണത്തിന് കീഴിലുള്ള ഈ രാജ്യത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റാൻ ഇന്ത്യ സഹായമെത്തിച്ച വിവരം ലോകം ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇത് ഇന്നത്തെ കാര്യം. വർഷങ്ങൾക്ക് മുൻപ്, അല്ല നൂറ്റാണ്ടുകൾക്ക് മുൻപേ അഫ്ഗാനിസ്ഥാനുമായി വലിയ വ്യാപാര ബന്ധം പുലർത്തിയിരുന്ന രാജ്യമായിരുന്നു ഭാരതം. ഇത് തെളിയിക്കുന്ന പുരാവസ്തുക്കൾ ഒരു ചെറുഗ്രാമത്തെയാണ് അന്താരാഷ്‌ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നും വെറും പതിനഞ്ച് കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള വൈപാർ നദിയുടെ തീരത്തുള്ള വെമ്പക്കോട്ട എന്ന ഗ്രാമമാണിത്.
വെമ്പാർക്കോട്ടയിൽ നടത്തിയ ഖനനത്തിൽ ലഭിച്ച കാർനെലിയൻ മുത്തുകളാണ് പണ്ടത്തെ വ്യാപരബന്ധത്തെ ഓർമ്മിപ്പിക്കുന്നത്. കാർനെലിയൻ മുത്തുകൾ വെമ്പാർക്കോട്ടയ്‌ക്ക് അഫ്ഗാനിസ്ഥാനുമായി നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന വ്യാപാരബന്ധത്തെ വെളിപ്പെടുത്തുന്നെന്ന് പുരാവസ്തു ശാസ്ത്രജ്ഞർ പറയുന്നു. അതോടൊപ്പം കണ്ടെത്തിയ കരനെല്ലുകൾ നൂറ്റാണ്ടുകൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനുമായുള്ള ഈ മേഖലയുടെ വ്യാപാരബന്ധത്തിന് തെളിവാണത്രേ!!
ഖനനത്തിൽ ആകെ 3,254 പുരാവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. . അതിൽ 60 ശതമാനം പുരാവസ്തുക്കൾ ഷെൽ വളകളും ഗ്ലാസ് മുത്തുകളുമാണ്. 20 ശതമാനം ടെറാക്കോട്ട വസ്തുക്കളും മുത്തുകൾ, മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രതിമകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ്. ബാക്കിയുള്ള പുരാവസ്തുക്കളിൽ ഐവറി പെൻഡൻറുകൾ, അമേത്തിസ്റ്റ്, കാർനെലിയൻ മുത്തുകൾ എന്നിവയും ഉൾപ്പെടുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് കണ്ടെത്തിയ മുത്തുകൾ, അക്കാലത്തെ പ്രധാനപ്പെട്ട വ്യവസായങ്ങളിലൊന്നായ ഷെൽ വളകൾ അലങ്കരിക്കാൻ അവിടെ നിന്ന് ഇറക്കുമതി ചെയ്യതതാകാമെന്നാണ് കരുതുന്നത്. ഇരു പ്രദേശങ്ങളും തമ്മിൽ വലിയ രീതിയിൽ വ്യാപാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവായി ഈ പ്രദേശത്ത് നിന്ന് ഒരു ചെമ്പ് നാണയങ്ങളും കണ്ടെത്തിയതായി വെമ്പകോട്ടൈ ഖനന ഡയറക്ടർ പൊൻ ഭാസ്‌കർ വ്യക്തമാക്കി.















