മുംബൈ: സിബിഐക്ക് കേസുകളിൽ അന്വേഷണം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം വേണം എന്ന ഉദ്ധവ് സർക്കാരിന്റെ തീരുമാനം തിരുത്തി മഹാരാഷ്‌ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ. കേസുകളിൽ അന്വേഷണം ഏറ്റെടുക്കാൻ സിബിഐക്ക് നേരത്തേ ഉണ്ടായിരുന്ന സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന്, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശം ഷിൻഡെ അംഗീകരിക്കുകയായിരുന്നു.
കേന്ദ്ര സർക്കാർ സിബിഐയെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് 2020 ഒക്ടോബർ 21നായിരുന്നു കേസന്വേഷണം സ്വമേധയാ ഏറ്റെടുക്കാൻ സിബിഐക്ക് ഉണ്ടായിരുന്ന അനുമതി ഉദ്ധവ് സർക്കാർ റദ്ദാക്കിയത്. സിബിഐയുടെ അധികാരങ്ങൾ പുനസ്ഥാപിച്ചത് ഉദ്ധവ് പക്ഷത്തിനും മഹാ വികാസ് അഘാഡി സഖ്യത്തിലെ ഘടകകക്ഷികൾക്കും ഏറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടേയും പേരിൽ അനധികൃത സ്വത്തുക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. വിഷയത്തിൽ സിബിഐ- ഇഡി അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജിക്കാരായ മുംബൈ സ്വദേശിയായ ഗൗരി ഭിദേയും പിതാവ് അഭയും കോടതിയെ സമീപിച്ചത്.
ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, മക്കളായ തേജസ് താക്കറെ, ആദിത്യ താക്കറെ എന്നിവരുടെ പേരിൽ കണക്കിൽ കവിഞ്ഞ സ്വത്തുക്കളുണ്ട് എന്നാണ് പരാതി. സ്വന്തമായി ജോലിയോ വ്യവസായമോ വരുമാന മാർഗ്ഗമോ ഇല്ലാത്ത താക്കറെ കുടുംബാംഗങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ളതായും ഇവയുടെ സ്രോതസ്സ് വെളിപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Comments