തിരുവനന്തപുരം: അദ്ധ്യാപിക നൽകിയ ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നാണ് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൽദോസ് ഇന്ന് രാവിലെ തിരുവനന്തപുരം തിരുവനന്തപുരത്തെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്.
എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും. മുൻകൂർ ജാമ്യമുള്ള സ്ഥിതിക്കാണ് വിട്ടയക്കുന്നത്. പത്ത് ദിവസത്തിനുള്ളിൽ എപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിൽ എൽദോസിനെ പോലീസ് ചോദ്യം ചെയ്‌തേക്കും.
പരാതിക്കാരിയെ അവഹേളിച്ചെന്ന കേസിലും എൽദോസിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പേട്ട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എൽദോസിനെതിരായ കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും.















