സാൻഫ്രാൻസിസ്‌കോ: പന്ത്രണ്ടുകാരിയുടെ അർബുദത്തെക്കുറിച്ച് സൂചന നൽകിയത് ആപ്പിളിന്റെ സ്മാർട്ട് വാച്ചെന്ന് റിപ്പോർട്ട്. ഹൃദയമിടിപ്പ് സൂചിപ്പിക്കുന്ന ഫീച്ചറിന്റെ സഹായത്തോടെ പെൺകുട്ടിയുടെ അർബുദത്തെ കുറിച്ച് കണ്ടെത്താനായെന്നാണ് വിവരം. ഒരു ഗാഡ്ജെറ്റ് എന്നതിലുപരിയായി ജീവൻ രക്ഷിച്ച വസ്തുവായാണ് ഇമാനി മൈൽസ് എന്ന 12കാരിയും അവളുടെ അമ്മ ജെസീക്ക കിച്ചനും ഇപ്പോൾ ആപ്പിൾ വാച്ചിനെ നോക്കികാണുന്നത്.
മകളുടെ സ്മാർട്ട് വാച്ചിൽ നിന്നും നിരന്തരം ബീപ്പ് ശബ്ദം ഉയർന്നിരുന്നു. ഇക്കാര്യം അമ്മ ജെസീക്കയുടെ ശ്രദ്ധയിൽപ്പെട്ടു. അസാധാരണമായ വേഗത്തിൽ ഹൃദയമിടിക്കുന്നുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടെ ആശങ്ക തോന്നിയ അമ്മ മകളെ ആശുപത്രിയിലെത്തിച്ചു. അവളുടെ അപ്പൻഡിക്‌സിൽ ട്യൂമർ വളരുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. കുട്ടികളിൽ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ‘ന്യൂറോ എൻഡോക്രൈൻ ട്യൂമർ’ ആണ് അവളുടെ അപ്പൻഡിക്‌സിൽ ഉണ്ടായിരുന്നത്.
അർബുദം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ അടിയന്തിര ശസ്ത്രക്രിയ ചെയ്യാനാണ് ഡോക്ടർമാർ തീരുമാനിച്ചത്. യുഎസിലെ സി.എസ്.മോട്ട് ചിൽഡ്രൻസ് ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ. വാച്ചിൽ നിന്നും ബീപ്പ് ഉയർന്നതുകൊണ്ട് മാത്രമാണ് ആശുപത്രിയിലേക്ക് പോകാൻ തയ്യാറായതെന്നും അല്ലായിരുന്നെങ്കിൽ മകളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേനെയെന്നും അമ്മ പ്രതികരിച്ചു.
Comments