ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ കാണുന്ന വിവരങ്ങൾ അത്യധികം ജാഗ്രതയോടെ വേണം പങ്കുവെയ്ക്കേണ്ടതെന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാജ വാർത്തകൾക്കെതിരെ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹരിയാനയിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയെ വിലകുറച്ച് കാണാനാകില്ലെന്നും അതിലൂടെ പ്രചരിക്കപ്പെടുന്ന ഒരു ചെറിയ വ്യാജവാർത്തയ്ക്ക് പോലും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ കെൽപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് അതിന്റെ വസ്തുതകൾ പരിശോധിക്കാൻ തയ്യാറകണം. സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കുക. വാർത്തകളുടെ ആധികാരികത ടെസ്റ്റ് ചെയ്യുന്നതിന് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വിവിധ സംവിധാനങ്ങൾ ഇന്ന് സജ്ജമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അത്തരം സാധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവരശേഖരണത്തിനുള്ള ഒരു ഉപാധിയായി സോഷ്യൽ മീഡിയയെ കണക്കാക്കാമെങ്കിലും വിവരശേഖരണത്തിനുള്ള ഉറവിടമായി സമൂഹമാദ്ധ്യമങ്ങൾ മാത്രം പരിമിതപ്പെട്ടുപോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ പോലും ആശങ്കകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തരത്തിൽ ഒരു വ്യാജ വാർത്തയ്ക്ക് ജനങ്ങളെ സ്വാധീനിക്കാൻ കഴിയും. സോഷ്യൽ മീഡിയയിൽ സന്ദേശം പങ്കുവെക്കുന്നതിന് മുമ്പ് 10 തവണയെങ്കിലും ചിന്തിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂതന സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി നമ്മുടെ ക്രമസമാധാന സംവിധാനവും ഇനി സ്മാർട്ടാകേണ്ടതുണ്ട്. കുറ്റകൃത്യങ്ങളുടെ ഈ ലോകത്ത് കുറ്റാന്വേഷണ ഏജൻസികൾ കുറഞ്ഞത് ഒരു പത്ത് ചുവടുകളെങ്കിലും മുന്നിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങളുടെ സ്വഭാവം ഏറെ മാറിയിരിക്കുകയാണ്. 5ജി യുഗത്തിലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.















