പെർത്ത് : ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് ടി20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. മുൻ നിര ബാറ്റർമാരുടെ നിറം മങ്ങിയ പ്രകടനമാണ് തോൽവിക്ക് കാരണമായത്. പേസ് ബൗളിംഗിനെ അനുകൂലിക്കുന്ന പിച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരെ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 133 റൺസ് നേടാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യൻ ബൗളിംഗിനു മുന്നിൽ ആദ്യം വിറച്ചെങ്കിലും എയ്ഡൻ മാർക്രത്തിന്റെയും ഡേവിഡ് മില്ലറിന്റെയും അർദ്ധ സെഞ്ച്വറികളുടെ മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു.
ഒൻപത് ഓവറിൽ അഞ്ച് വിക്കറ്റിന് 49 റൺസ് എന്ന നിലയിൽ നിന്ന് സൂര്യകുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സൂര്യകുമാർ യാദവിനെ കൂടാതെ രോഹിത് ശർമ്മക്കും വിരാട് കോഹ്‌ലിക്കും മാത്രമേ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ. സൂര്യകുമാർ 40 പന്തിൽ നിന്ന് 68 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ 15 ഉം വിരാട് കോഹ്‌ലി 12 ഉം റൺസ് നേടി. 29 റൺസിന് നാലു വിക്കറ്റുകൾ വീഴ്‌ത്തിയ ലുങ്കി എങ്കിടിയാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ അർഷദ്വീപ് സിംഗ് തന്റെ ആദ്യ ഓവറിൽ തന്നെ ഞെട്ടിച്ചു. ക്വിന്റൺ ഡികോക്കിനേയും റിലി റോസ്സോവിനേയും അർഷദീപ് പുറത്താക്കി. സ്കോർ 24 ൽ നിൽക്കേ ക്യാപ്ടൻ ബാവുമയെ മുഹമ്മദ് ഷമി വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈകളിൽ എത്തിച്ചു. തുടർന്ന് ഏയ്ഡൻ മാർക്രമും ഡേവിഡ് മില്ലറും തമ്മിലുള്ള കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. ഫീൽഡിംഗിലെ പോരായ്മയും ഇന്ത്യയുടെ തോൽവിക്ക് കാരണമായി. മില്ലറെ റണ്ണൗട്ടാക്കാനുള്ള അവസരം രോഹിത് ശർമ്മക്ക് മുതലാക്കാനായില്ല. വിരാട് കോഹ്ലി ക്യാച്ച് നഷ്ടപ്പെടുത്തുകയും ചെയ്തു. എങ്കിലും അവസാന ഓവർ വരെ പൊരുതാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞു. രണ്ടു പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.
Comments