ന്യൂഡൽഹി : അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സ്മരണയ്ക്കായി പഞ്ചലോഹ പ്രതിമ നിർമ്മിക്കുന്നു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ നിന്നുള്ള എക്സ്-സർവീസ്മെൻ അസോസിയേഷനാണ് അദ്ദേഹത്തിനായി പ്രതിമ നിർമ്മിക്കുന്നത്. ഈ പ്രതിമയ്ക്ക് 4 അടി ഉയരവും 150 കിലോ ഭാരവുമുണ്ടാകും. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് അസോസിയേഷൻ അംഗങ്ങൾ ഇതിനായി ചിലവിടുന്നത്.
കൂനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്നാണ് 2021 ഡിസംബർ 8 ന് ബിപിൻ റാവത്തും ഭാര്യയും അന്തരിച്ചത് . ഡൽഹിയിലെ പ്രതിരോധ ആസ്ഥാനത്ത് പ്രതിമ സ്ഥാപിക്കാനുള്ള അസോസിയേഷന്റെ നിർദ്ദേശം അധികൃതർ അംഗീകരിച്ചിരുന്നു. എന്നാൽ ജൂണിൽ ഈ നിർദ്ദേശം പരിഗണനയിലാണെന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഒരു സൈനിക മേധാവിക്കായി ലോകത്ത് നിർമ്മിച്ച ആദ്യത്തെ പ്രതിമയാകും ഇത് എന്നാണ് അസോസിയേഷൻ അംഗങ്ങൾ പറയുന്നത്.
അതേസമയം ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ പ്രതിരോധ ഉദ്യോഗസ്ഥരോടും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബിപിൻ റാവത്തിന്റെ ഒന്നാം ചരമവാർഷികത്തിന് മുമ്പ് പ്രതിമ ഡൽഹിയിലേക്ക് കൊണ്ട് പോകണം എന്നാണ് അംഗങ്ങൾ ആവശ്യപ്പെടുന്നത്.രാജ്യതലസ്ഥാനത്തെ പ്രതിരോധ ആസ്ഥാനത്താണ് പ്രതിമ സ്ഥാപിക്കുക. ഇന്ത്യയുടെ ആദ്യത്തെ സിഡിഎസ് ആയും ഇന്ത്യൻ ആർമിയുടെ 27-ാമത് മേധാവിയായുമാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.
Comments