ഇന്ത്യൻ വാഹന വിപണിയിലേയ്ക്ക് വൻ തിരിച്ചു വരവ് നടത്താനൊരുങ്ങുകയാണ് എൽഎംഎൽ. കമ്പനിയുടെ വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു. എൽഎംഎൽ സ്റ്റാർ എന്ന ഇലക്ട്രിക് സ്കൂട്ടറാണ് ഇതിൽ പ്രധാന ആകർഷണം. എൽഎംഎൽ ന്റെ വെബ്സൈറ്റ് സന്ദർശിച്ച് വാഹനത്തിനായി ബുക്ക് ചെയ്യാം. ഉടനെ ഇറങ്ങുമെന്ന് കമ്പനി അറിയിക്കുന്നുവെങ്കിലും ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയും പവർട്രെയിനും സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എന്നാൽ, ആയാസരഹിതമായ യാത്രാനുഭവം സ്റ്റാർ ഇലക്ട്രിക് സ്കൂട്ടർ സമ്മാനിക്കുമെന്ന് നിർമ്മാതാവ് ഉറപ്പ് നൽകുന്നു.
വിൻഡ് സ്ക്രീനിന് താഴെ എൽഇഡി ഹെഡ്ലാമ്പും ഇരട്ട LED DRL-കളും ഉൾക്കൊള്ളുന്ന ഉയർന്നതും ഫ്ലഷ് ഫ്രണ്ട് പാനലും ഉള്ള മനോഹര രൂപത്തിലാണ് വാഹനം വിപണിയിലെത്തുന്നത്. മുൻവശത്ത് ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ സിംഗിൾ സ്പ്രിംഗ് ഷോക്ക് അബ്സോർബറും നൽകിയിരിക്കുന്നു. ഇരട്ട വെർട്ടിക്കൽ ടെയിൽലാമ്പുകളും പിൻവശത്ത് നൽകിയിരിക്കുന്നു. 360-ഡിഗ്രി ക്യാമറ, ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയിൽ നിന്നുള്ള ഹാപ്റ്റിക് ഫീഡ്ബാക്ക്, ക്രമീകരിക്കാവുന്ന സീറ്റിംഗ്, ഓട്ടോ-ഹെഡ്ലാമ്പ് എന്നിവയും എൽഎംഎൽ സ്റ്റാറിന് കമ്പനി നൽകുന്നു.
തങ്ങളുടെ മുൻനിര മോഡലായ എൽഎംഎൽ സ്റ്റാറിന്റെ ബുക്കിംഗ് ആരംഭിച്ചതായി അറിയിക്കുന്നുവെന്ന് എൽഎംഎൽ എംഡിയും സിഇഒയുമായ ഡോ. യോഗേഷ് ഭാട്ടിയ പറഞ്ഞു. ആളുകൾക്ക് തങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് ഒരു പൈസ പോലും ചിലവാക്കാതെ സ്കൂട്ടറിനായി റിസർവേഷൻ നടത്താം എന്നും അദ്ദേഹം വ്യക്തമാക്കി. വേഗതയും നൂതന സാങ്കേതികവിദ്യയും ഉള്ളതിനാൽ എൽഎംഎൽ സ്റ്റാർ ഉപയോഗിക്കുന്നവർക്ക് അത് പൂർണ്ണമായും ഇഷ്ടമാകുമെന്നും യോഗേഷ് ഭാട്ടിയ കൂട്ടിച്ചേർത്തു.
Comments