കൊച്ചി: എറണാകുളം മഹാരാജാസ് കോേേളജിലെ എസ്എഫ്ഐ, കെഎസ്യു സംഘർഷത്തിൽ നാല് പേർ അറസ്റ്റിൽ. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അതുൽ, എസ്എഫ്ഐ പ്രവർത്തകൻ അനന്തു, വിദ്യാർത്ഥിയായ മാലിക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മാലികിനെ ജാമ്യത്തിൽ വിടണമെന്ന ആവശ്യവുമായി തോപ്പുംപടി പാലത്തിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് ആശങ്കയ്ക്ക് വഴിവച്ചു. മാലികിന്റെ സഹോദരൻ കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളെ പിന്നീട് പോലീസ് അനുനയിപ്പിച്ച് താഴെയിറക്കി.
ഇന്നലെ എസ്എഫ്ഐ-കെഎസ്യു വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. സംഘർഷത്തിന് പിന്നാലെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
Comments