ഇടുക്കി : അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീർ ആത്മഹത്യ ചെയ്തതിന് പിന്നിൽ സിപിഎം നേതാവിന്റെ ഭീഷണിയെന്ന് സൂചന. ആവോലി പുറത്തട്ടേൽ പി.ആർ.ബാബുരാജിനെ (51) ആണ് ഇന്നലെ വീടിന്റെ മുകളിലത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ബാബു രാജ് എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തുകയായിരുന്നു.
ആത്മഹത്യാ കുറിപ്പിൽ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായ നേതാവിന്റെ പേരാണ് പരാമർശിച്ചിട്ടുള്ളത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കുടാതെ ഈ നേതാവ് അറക്കുളം പഞ്ചായത്ത് അംഗമാണെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.
പഞ്ചായത്ത് കമ്മിറ്റി നടക്കുമ്പോൾ അസി.എൻജിനീയറെ കമ്മിറ്റിയിലേക്കു വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നു മറ്റു ചില അംഗങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റെ വാർഡിലെ കലുങ്ക് നിർമാണത്തിലെ അപാകതയെക്കുറിച്ചു കരാറുകാരനുമായി ഉണ്ടായ പ്രശ്നങ്ങളാണു മരണത്തിനു പിന്നിലെന്നും സൂചനയുണ്ട്.പുതിയ വിവരങ്ങൾ പുറത്തു വന്നതോടെ ശരിയായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നു തുടങ്ങി. സംസ്കാരം ഇന്ന് 2 ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.
Comments