തിരുവനന്തപുരം: വീണ്ടും ചീങ്കണ്ണി ഭീതിയിൽ നെയ്യാർ ഡാം. നെയ്യാർ ജലസംഭരണിയിൽ ചീങ്കണ്ണിയെ കണ്ടെത്തിയതായുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.വീഡിയോയ്‌ക്ക് പിന്നാലെ നെയ്യാർ വന്യജീവി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി. ബ്രിജേഷാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
കള്ളിക്കാട് ഗ്രാമപഞ്ചായത്ത് ,റിസർവോയറിന്റെ സമീപത്തുള്ള സഹകരണ കോളേജ്, വ്‌ളാവെട്ടി ട്രൈബൽ സ്‌കൂൾ, നെയ്യാർ ഡാം, ഹയർ സെക്കൻററി സ്‌കൂൾ, ജലാശയം അതിരിടുന്ന അമ്പൂരി പഞ്ചായത്തിലെ തൊടുമല, മായം, അമ്പൂരി വാർഡുകളിലെ ജനപ്രതിനിധികൾ എന്നിവർക്കുമാണ് ജാഗ്രതാ നിർദേശം നൽകിയത്.
നവംബർ പകുതി കഴിഞ്ഞാൽ മൂന്ന് മാസത്തോളം ചീങ്കണ്ണികളുടെ പ്രജനനകാലമാണ്. ഈ സമയം അവ അക്രമകാരികളാകും. കരയിൽ പ്രത്യേക കൂടുണ്ടുക്കിയാണ് ഇവ മുട്ടയിടുന്നത്. ഉത്തരംകയം, കൊമ്പൈ, ഒരുവപാറ എന്നീ പ്രദേശങ്ങളിൽ സംഭരണിയുടെ കരയിൽ മുമ്പ് ചീങ്കണ്ണികളെ കാണുക പതിവായിരുന്നു. കുമ്പിച്ചൽ, പന്തപ്ലാമൂട്, പുട്ടുകല്ല്, മരകുന്നം പ്രദേശങ്ങളിലും സാധാരണ ഇവ എത്തും. ഈ സാഹചര്യത്തിലാണ് അധികൃതർ ജാഗ്രതാ നിർദേശം നൽകുന്നത്.
നേരത്തെ ഡാമിൽ വനം വകുപ്പ് ചീങ്കണ്ണി കുഞ്ഞുങ്ങളെ ഒഴുക്കിവിട്ടിരുന്നു. ഇവ വളർന്ന് വലുതായതോടെ കരയ്‌ക്ക് കയറി ആക്രമണം തുടങ്ങിയിരുന്നു. നാല് പേർക്കാണ് ചീങ്കണ്ണിയുടെ അക്രമണത്തിൽ ജീവൻ പൊലിഞ്ഞത്. കരയിൽ നിന്നും ജലാശയത്തിലൂടെ നീന്തി പോകുന്ന ചീങ്കണ്ണി ജലാശയത്തിൽ മുങ്ങി താഴുന്ന ദൃശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുടിക്കാനും കുളിക്കാനും ജലാശയത്തെ ആശ്രയിക്കുന്ന സംഭരണിയുടെ തീരത്തെ താമസക്കാർ ഭീതിയിലാണ്.















