ഹിസാർ: കോൺഗ്രസ് സ്വയം നശീകരണ പാതയിലാണെന്ന് പാർട്ടിയുടെ മുൻനേതാവ് കുൽദീപ് ബിഷ്ണോയ്. ഹരിയാനയിലെ അദാംപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഓഗസ്റ്റിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച കുൽദീപ് ബിഷ്ണോയ് ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ ആത്മഹത്യ ചെയ്യണമെങ്കിൽ ആകാം. പക്ഷെ കോൺഗ്രസിൽ തുടർന്ന് ആ അവസ്ഥയിലെത്താൻ തനിക്ക് താൽപര്യം ഇല്ല. കോൺഗ്രസിന് യാതൊരു രാഷ്ട്രീയ ഭാവിയുമില്ല. സ്വന്തം പദവി സംരക്ഷിക്കാൻ വേണ്ടിയാണ് രാഹുൽ പദയാത്ര നടത്തുന്നതെന്നും കുൽദീപ് ബിഷ്ണോയ് പറഞ്ഞു.
അദാംപൂർ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് പിന്നിലാകും. ബിജെപിയാകും ഇവിടെ വിജയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കുൽദീപ് ബിഷ്ണോയിയുടെ മകൻ ഭവ്യ ബിഷ്ണോയ് ആണ് അദാംപൂരിൽ മത്സരിക്കുന്നത്.
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയെയും കുൽദീപ് ബിഷ്ണോയ് വിമർശിച്ചു. ദളിതരെക്കുറിച്ച് സദാസമയവും സംസാരിക്കുന്ന ഹൂഡ യഥാർത്ഥത്തിൽ ഒരു ദളിത് വിരുദ്ധനാണെന്ന് അദ്ദേഹം വിമർശിച്ചു. ദളിത് നേതാക്കളായ കുമാരി ഷെൽജയ്ക്കും അശോക് തൻവാറിനും എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments