ജെറുസലേം: ഇസ്രായേൽ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാർട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ റോക്കറ്റ് തൊടുത്തുവിട്ട് ഗാസയിലെ ഇസ്ലാമിക ഭീകരർ. പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു തിരിച്ചെത്തുമെന്ന സൂചനകൾ പുറത്തുവന്നതോടെ ഗാസയിൽ നിന്ന് നാല് റോക്കറ്റുകൾ തൊടുത്തുവിടുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം.
ഇസ്രായേൽ സൈന്യം നൽകുന്ന വിവരങ്ങൾ പ്രകാരം രാജ്യത്തിന്റെ എയർ ഡിഫൻസ് സിസ്റ്റത്തെ റോക്കറ്റ് ആക്രമണം ബാധിച്ചുവെന്നാണ് അറിയിക്കുന്നത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ജിഹാദ് ഏറ്റെടുത്തു.
അതേസമയം ആക്രമണത്തിൽ ആർക്കും ജീവാപായം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. ഗാസ അതിർത്തിക്ക് സമീപമുള്ള ഇസ്രായേൽ പ്രദേശങ്ങളായ കിസ്സുഫിം, ഈൻ ഹഷോൽഷ, നിറിം എന്നീ മേഖലകളിലാണ് റോക്കറ്റ് വരുന്നതിന്റെ അപായ സൂചനകൾ മുഴങ്ങിയത്.
ജെനിനിൽ വെച്ച് അൽ-ഖുദ്‌സ് കമാൻഡർ വധിക്കപ്പെട്ടതിനുള്ള പ്രതിഷേധമാണ് റോക്കറ്റ് ആക്രണമെന്നാണ് ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കുന്നത്. പലസ്തീനിയൻ ഇസ്ലാമിക് ഭീകരനായ ഫറൂഖ് സലാമേയെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്. ഇസ്രായേലിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയും നടപ്പിലാക്കുകയും ചെയ്ത തീവ്രവാദിയായിരുന്നു ഫറൂഖ് സലാമേ.
അതേസമയം തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹു നേതൃത്വം നൽകുന്ന ലിക്കുഡ് പാർട്ടി 65 സീറ്റുകൾ നേടിയാണ് ഇസ്രായേലിൽ ഭരണം ഉറപ്പിച്ചിരിക്കുന്നത്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കാൻ വേണ്ടിയിരുന്നത് 61 സീറ്റുകളായിരുന്നു. നിലവിലെ പ്രധാനമന്ത്രി യായിർ ലാപിഡ് നേതൃത്വം നൽകുന്ന യെഷ് ആറ്റിഡ് പാർട്ടിക്ക് 50 സീറ്റുകളായിരുന്നു ലഭിച്ചത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അടുത്തയാഴ്ചയോടെ അധികാരത്തിൽ വരുമെന്നാണ് സൂചന.
Comments