ജയ്പൂർ: വനിതാ സുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ വീട്ടിൽ കയറി ബഹളം വെച്ചതോടെ കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് മദ്ധ്യപ്രദേശ് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജസ്ഥാനിലെ നഗൗറിലാണ് സംഭവം.
മദ്ധ്യപ്രദേശ് സ്വദേശിനിയും രാജസ്ഥാൻ സ്വദേശിനിയും ഏതാനും വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് രാംമൂർത്തി ജോഷി അറിയിച്ചു. രണ്ട് പേർക്കും നിലവിൽ 21നും 25നും ഇടയിലാണ് പ്രായം. സുഹൃത്ത് ബന്ധം വളർന്നതിന് പിന്നാലെ മദ്ധ്യപ്രദേശ് സ്വദേശിനി രാജസ്ഥാനിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു. വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം.
തയ്യാറല്ലെങ്കിൽ പത്ത് ലക്ഷം രൂപ നൽകണമെന്ന് യുവതി ഭീഷണിപ്പെടുത്തി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. തുടർന്ന് വനിതാ സുഹൃത്തും വീട്ടുകാരും ചേർന്ന് പരാതി നൽകിയതോടെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി മദ്ധ്യപ്രദേശ് സ്വദേശിനിക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
Comments