ഹെലികോപ്റ്ററിൽ ഒന്ന് കയറിയാൽ കൊള്ളാം എന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്. സ്വന്തമായി ഒരു ഹെലികോപ്റ്റർ ഉണ്ടിയിരുന്നുവെങ്കിൽ എന്നും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാൽ തന്റെ ഈ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് ഉത്തർപ്രദേശിലെ സാധാരണക്കാരനായ ഒരു കർഷകൻ. സംഭവം വളരെ രസകരമാണ്. ഹെലികോപ്റ്റർ വാങ്ങാൻ കാശില്ലാത്തതു കൊണ്ട് തന്റ കാർ ഹെലികോപ്റ്ററാക്കി മാറ്റിയിരിക്കുകയാണ് പ്രതാപ്ഗ്രഹിലെ അനില്‍ പട്ടേൽ എന്ന കർഷകൻ. ദെഹാത്തി ക്രിയേറ്റര്‍ എന്ന യൂട്യൂബ് പേജിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വീഡിയോയിൽ കാണുന്ന കാറിന്റെ മുകളിലായി ഹെലികോപ്റ്ററുകളുടേത് പോലെ നീണ്ട ലീഫുകൾ കാണാം. ഹെലികോപ്റ്ററിന് സമാനമായ പിൻവശവുമാണ് കാറിന് നൽകിയിരിക്കുന്നത്. കാർ മുന്നോട്ട് നീങ്ങുമ്പോൾ മുകളിലും പിന്നിലുമുള്ള ഫാനുകൾ കറങ്ങുന്നു. കാറിന്റെ സ്റ്റിയറിംഗിൽ വലതു വശത്തായി ഫാനുകൾ നിയന്ത്രിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കാറിന് മുകളിലെ ലീഫുകള്‍ കറങ്ങുന്നതിന്റെ വേഗം ക്രമീകരിക്കാനും സാധിക്കും.
സംഭവം ഹെലികോപ്റ്റർ ലുക്ക് ആണെങ്കിലും ഇതിന് പറക്കാൻ കഴിയില്ല. രാത്രിയില്‍ പ്രത്യേക ലൈറ്റ് സംവിധാനവും ഹെലികോപ്റ്ററിന് നൽകിയിട്ടുണ്ട്. ഒരു ലക്ഷം രൂപക്ക് വാങ്ങിയ പഴയ വാഗണർ കാറിൽ രണ്ട് ലക്ഷം രൂപ മുടക്കിയാണ് അനില്‍ ഹെലികോപ്റ്റര്‍ ഒരുക്കിയത്. ഹെലികോപ്റ്റര്‍ കാർ അനിൽ വിവാഹങ്ങള്‍ക്കായി വാടകയ്ക്ക് കൊടുക്കുന്നു. ഹെലിക്കോപ്റ്റര്‍ കാര്‍ പുറത്തിറക്കി മൂന്നു മാസത്തിനുള്ളില്‍ തന്നെ പതിനഞ്ചോളം വിവാഹങ്ങൾ അനിലിന് ലഭിച്ചിട്ടുണ്ട്. ഒരു വിവാഹത്തിന് 10,000 മുതല്‍ 12,000 രൂപ വരെയാണ് അനില്‍ വാങ്ങിക്കുന്നത്.
Comments