കൊച്ചി: ടീം ഇന്ത്യയ്ക്ക് ക്ഷീണം വരുമ്പോൾ ഇന്ന് എല്ലാവരും ഓർക്കുന്ന ആ താരത്തിന്റെ പിറന്നാൾ സമൂഹമാദ്ധ്യമങ്ങൾ ആഘോഷമാക്കുകയാണ്. സഞ്ജു സാംസണിന്റെ 28-ാം പിറന്നാളിനാണ് ആരാധകരുടെ ആശംസകൾ നിറയുന്നത്. ഒപ്പം ഇന്നലെ സഞ്ജു കൂടി ടീമിലുണ്ടായിരുന്നെങ്കിലെന്ന് ചിന്തിക്കുകയാണ് ഭൂരിഭാഗംപേരും.
ബിസിസിഐ യ്ക്കൊപ്പം രാജസ്ഥാൻ റോയൽസും സഞ്ജുവിന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ആശംസകൾ നേർന്നു. തങ്ങളുടെ പ്രിയ നായകൻ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരമാണെന്ന അഭിമാനം ആവേശത്തോടെ പങ്കുവെച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റ് . എട്ടു സീസണുകളിലായി തങ്ങളുടെ ടീമിന്റെ സാന്നിദ്ധ്യം, 3000 ലേറെ റൺസുമായി ടീമിനെ ഫൈനൽ വരെ എത്തിച്ച നേതൃപാടവം, നൽകുന്ന തുകയേക്കാൾ വലിയൊരു സംസ്കാരം ടീമിന് പകർന്നു നൽകുന്ന താരമെന്നൊക്കെയാണ് രാജസ്ഥാൻ റോയൽസ് ആരാധകർ നൽകുന്ന വിശേഷണം.
കേരളം ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച സഞ്ജു സാംസണെന്ന പോരാളിയെ ഇന്നലെ ഇന്ത്യയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ ഓർക്കുന്നവരുടെ എണ്ണം ഇരട്ടിയാവുകയാണ്. ഏതു പ്രതിസന്ധിയിലും ടീമിനെ മത്സരത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്ന കരുത്ത്. ഒപ്പം ഗ്രൗണ്ടിൽ എല്ലാവരേയും ആവേശത്തോടെ ചേർത്ത് നിർത്തുന്ന സ്നേഹത്തിന്റെ പ്രതീകം. ഏറെ വിശേഷണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
ഗ്രൗണ്ടിൽ തീർക്കുന്ന ബാറ്റിംഗ് വിരുന്നിനൊപ്പം ക്യാപ്റ്റനെന്ന നിലയിൽ കാണിക്കുന്ന സമചിത്തതയടക്കം സഞ്ജുവിന്റെ സ്വഭാവഗുണം എണ്ണി എണ്ണി പറഞ്ഞാണ് ആരാധകർ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്.
Comments