കൊച്ചി: ഷാരോൺ രാജ് കൊലപാതകക്കേസിലെ പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ എന്നിവരാണ് ഹർജി നൽകിയത്. ഷാരോണുമായി ഗ്രീഷ്മയ്‌ക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് ഇവരുടെ വാദം. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും അമ്മയും അമ്മാവനും ജാമ്യഹർജിയിൽ പറയുന്നു.
ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് തങ്ങളെ കൂടി കേസിൽ പ്രതിയാക്കിയത്. വിഷക്കുപ്പി ഒളിപ്പിച്ചുവെന്ന ആരോപണം പോലീസ് കെട്ടിച്ചമച്ചതാണ്. കേസിൽ അന്വേഷണം പൂർത്തിയായിട്ടും കൂടുതൽ തെളിവുകൾ ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇനിയും കസ്റ്റഡിയിൽ തുടർന്നാൽ ഉപജീവനമാർഗം ഇല്ലാതാകുമെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ആരോഗ്യ സ്ഥിതി മോശമാണെന്നും പ്രതികൾ ചൂണ്ടിക്കാട്ടി.
നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യ ഹർജി തള്ളിയിരുന്നു. ഇതിന് ശേഷമാണ് ഹർജിയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഗ്രീഷ്മയ്‌ക്ക് കുടുംബത്തിന്റെ പിന്തുണയില്ലാതെ കൊലപാതകം നടത്താൻ കഴിയില്ലെന്നായിരുന്നു ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും സഹായിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവരെ കൂടി പോലീസ് പ്രതിചേർത്തത്.
Comments