പത്തനംതിട്ട: അടൂരിൽ സ്കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകർത്തിയ റേഡിയോഗ്രഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി അൻജിത്ത് (24) ആണ് അറസ്റ്റിലായത്. അടൂർ ഹോസ്പിറ്റൽ ജംഗ്ഷനിലെ ദേവി സ്കാനിംഗ് സെന്ററിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
മൊബൈൽ ക്യാമറയിലായിരുന്നു അൻജിത്ത് യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. എംആർഐ സ്കാനിംഗിന് മുൻപായി വസ്ത്രം മാറുകയായിരുന്നു യുവതി. ഇതിനിടെയായിരുന്നു ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. തന്റെ ദൃശ്യങ്ങൾ പകർത്തിയതായി സംശയം തോന്നിയ യുവതി ബഹളംവെച്ചു. ഇതോടെ ആളുകൾ ഓടിക്കൂടുകയായിരുന്നു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും സ്ഥലത്ത് എത്തി.
പരിശോധനയിൽ യുവതിയുടെ ദൃശ്യങ്ങൾ അൻജിത്ത് ഫോണിൽ പകർത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സമാനമായ രീതിയിൽ സ്കാനിംഗിന് എത്തിയ നിരവധി യുവതികളുടെ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തുകയും സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Comments