തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. അതേസമയം അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ശക്തികുറഞ്ഞ് ന്യൂനമർദ്ദമോ ചക്രവാതച്ചുഴിയോ ആയി മാറിയേക്കും.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി,തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ന്യൂനമർദ്ദത്തിന്റ ഫലമായി ജില്ലകളിൽ ഇന്നലെയും ശക്തമായ മഴ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും ഇന്ന് മഴ ലഭിക്കും. മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് – പുതുച്ചേരിയുടെ വടക്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന തീവ്രന്യൂനമർദ്ദം പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിലേക്ക് തീങ്ങിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന തീവ്രന്യൂനമർദ്ദം തെക്ക് കിഴക്കൻ അറബികടലിൽ ന്യുന മർദ്ദം / ചക്രവാതചുഴിയായി ഇന്ന് പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Comments