മെൽബൺ: ടി20 ലോകകപ്പ് ഫൈനലിൽ 150 കടക്കാമെന്ന പാകിസ്താന്റെ പ്രതീക്ഷകളെ ഇംഗ്ലണ്ട് ബോളർമാർ എറിഞ്ഞ് തകർക്കുകയായിരുന്നു. 20 ഓവറിൽ പാകിസ്താന് വെറും 137 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്. കൃത്യമായ ഇടവേളകളിൽ നിർണായക വിക്കറ്റുകൾ നഷ്ടമായതാണ് പാകിസ്താന്റെ വേഗതയെ തടഞ്ഞത്. ഇത് പാകിസ്താൻ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. 38 റണ്‍സെടുത്ത ഷാന്‍ മസൂദ് ആണ് പാകിസ്താന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28 റൺസും മുഹമ്മദ് റിസ്വാന് 15 റൺസും എടുത്തു. ഇവരുടെ വിക്കറ്റുകൾ നഷ്ടമായത് ടീമിനേറ്റ വലിയ പ്രഹരമാണ്. ഇതോടെ കാണികളും നിരാശരായി. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത് ഒരു പാക് ആരാധകന്റെ നിരാശയാണ്.
അരയിൽ ഇരുകൈകളും വച്ച് നിരാശയോടെ നിൽക്കുന്ന പാക് ആരാധകന്റെ ചിത്രമാണ് വൈറലാകുന്നത്. സോഷ്യൽ മീഡിയയും ലോകമെമ്പാടുമുള്ള ജനങ്ങളും ഇന്നും പങ്കുവെയ്ക്കുന്ന ഒരു ചിത്രമാണ് മുഹമ്മദ് സരിം അക്തർ എന്ന പാക് ആരാധകന്റെ നിരാശയോടു കൂടിയുള്ള നിൽപ്പ്. 2019 ജൂൺ 14 ന് നടന്ന പാകിസ്താൻ – ഓസ്ട്രേലിയ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ നിരാശനായി എളിയിൽ കൈയ്കൾ വച്ച് നിൽക്കുന്ന മുഹമ്മദ് സരിം അക്തറിന്റെ ചിത്രം ഇന്നും സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നു. ഏറെ ആഘോഷിക്കപ്പെട്ട ആ മീംമിന് ശേഷം അതിന് സമാനമായി നിരാശ പ്രകടിപ്പിക്കുന്ന മറ്റൊരു പാക് ആരാധകന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്.
pakistan fan meme guy from 2019 world cup is over#T20WorldCup#PakVsEngFinal pic.twitter.com/EggighYKym
— HAAMOO 🖤 (@MRHaaMoo) November 13, 2022
‘നിരാശനായ പാകിസ്താൻ ആരാധകൻ’ എന്ന മീമിന്റെ പുതിയ മുഖമാകാൻ കഴിയുന്ന പാകിസ്താൻ ആരാധകനെയാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയണിഞ്ഞ് സരിം അക്തറിന്റെ അതേ രീതിയിൽ നിൽക്കുന്ന ആരാധകനെയാണ് മെൽബണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യം വൈറലായ മീംമിനെ കടത്തി വെട്ടുമോ പുതിയ ചിത്രമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുകയാണ്. എന്തായാലും ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
Comments