പ്രമേഹത്തിനു മരുന്നെഴുതുമ്പോള്‍ രോഗികള്‍ ഉടന്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് – ‘ഡോക്ടറെ, ഈ മരുന്ന് കഴിച്ചാല്‍ എന്റെ കിഡ്നി തകരാറിലാകില്ലേ? ‘
പ്രമേഹത്തിനു ഇന്ന് ലഭ്യമായ മരുന്നുകള്‍ കിഡ്നികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല എന്ന് മാത്രമല്ല, പുതിയ മരുന്നുകളില്‍ പലതും കിഡ്നികളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നവയാണ്. കൂടാതെ ഹൃദയത്തിന്റെ പ്രവര്‍ത്തന ശേഷിയും വര്‍ധിക്കുന്നതിന് ഇത്തരം മരുന്നുകള്‍ സഹായിക്കും. ഹൃദയാഘാതം, പക്ഷാഘാതം മുതലായ അസുഖങ്ങളുള്ള പ്രമേഹ രോഗികള്‍ക്കു പുതിയ മരുന്നുകള്‍ വളരെയധികം ഉപകാരപ്രദമാണ്.
ഇന്ന് പ്രമേഹത്തിനുള്ള മരുന്നുകള്‍ പ്രമേഹം നിയന്ത്രിക്കുക മാത്രമല്ല അതിന്റെ സങ്കീര്‍ണതകള്‍ (complications) വരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കുകയും ചെയ്യുന്നു. SGLT2 inhibitors (canagliflozin . dapagliflozin, empagliflozin) , GLP1 analogues (liraglutide, dulaglutide, Semaglutide) എന്ന മരുന്നുകളുടെ കണ്ടുപിടിത്തമാണ് ഇത്തരം മാറ്റങ്ങള്‍ക്കു വഴി വെച്ചത്.
പ്രമേഹ രോഗികളില്‍ ഭൂരിഭാഗവും അമിത വണ്ണമുള്ളവരാണ്. മേല്‍പ്പറഞ്ഞ ഗണത്തില്‍പ്പെട്ട മരുന്നുകള്‍ അമിതവണ്ണമുള്ളവരുടെ ശരീരഭാരം കുറച്ചു കുറയുന്നതിന് സഹായിക്കുമെന്നത് മറ്റൊരു നേട്ടമാണ്. അമിത വണ്ണം നിയന്ത്രിക്കുന്നതിന് കുറച്ചുകൂടെ ഫലപ്രദമായ മരുന്നുകള്‍ പുറം രാജ്യങ്ങളില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അധികം വൈകാതെ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍സുലിന്‍ മരുന്നിലും അടുത്ത കാലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ ഇന്‍സുലിന്‍ മരുന്നുകളില്‍ ചിലതു ആഹാരം കഴിക്കുന്നതിനു തൊട്ടു മുന്‍പോ കഴിച്ചു തുടങ്ങിയതിനു ശേഷമോ എടുക്കാം എന്നുള്ളത് ഒരു നേട്ടമാണ്.
ഇന്‍സുലിന്‍ എടുക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ ഇടവേളകളില്‍ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗ്ളൂക്കോമീറ്റര്‍ ഉപയോഗിച്ച് വിരലില്‍ കുത്തിയാണ് ഭൂരിഭാഗം പ്രമേഹ രോഗികളും ഇത് ചെയ്യുന്നത്. എന്നാല്‍ ഇതിനൊരു പരിഹാരമായി ഇന്ന് കൈയ്യില്‍ ഘടിപ്പിക്കുന്ന sensors ലഭ്യമാണ്. Continuous glucose monitoring എന്ന് വിളിക്കുന്ന ഇത്തരം നൂതന സംവിധാനം ഉപയോഗിച്ച് 24 മണിക്കൂറും നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നമുക്കറിയാന്‍ സാധിക്കും. അതുവഴി ഇന്‍സുലിന്റെ അളവുടെ നല്ല രീതിയില്‍ ക്രമപ്പെടുത്താനും പഞ്ചസാര ഒരു പരിധിയില്‍ കൂടുതല്‍ കുറഞ്ഞു പോകാതെ നോക്കാനും സാധിക്കും.
പ്രമേഹം കുറച്ചു കൂടി നല്ല രീതിയില്‍ നിയന്ത്രിക്കുന്നതിന് ഇന്ന് insulin pumps ലഭ്യമാണ്. ഇതുവഴി കൃത്യമായ ഇടവേളകളില്‍ ശെരിയായ അവളില്‍ ഇന്‍സുലിന്‍ നല്‍കാനും പ്രമേഹം നിയന്ത്രിക്കാനും സാധിക്കുന്നു. പ്രമേഹം ചികില്‍സിച്ചു ഭേദമാക്കാനുള്ള മരുന്നുകള്‍ ഇന്ന് ലഭ്യമല്ലെങ്കിലും നല്ല രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്താനും അതിന്റെ സങ്കീര്‍ണതകള്‍ (complications ) വരാതെ നോക്കാനും ഇന്ന് നമുക്ക് സാധിക്കും. അത് വഴി ഒരു പ്രമേഹ രോഗിക്ക് പ്രമേഹം ഇല്ലത്ത ഒരാളിനെ പോലെ ആരോഗ്യവാനായും ആരോഗ്യവതിയായും ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കും.
പ്രമേഹ ചികിത്സയില്‍ ദിനം പ്രതി പുതിയ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഗവേഷണങ്ങളിലൂടെ പ്രമേഹത്തിനെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ പറ്റുന്ന മരുന്നുകള്‍ കണ്ടുപിടിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം…
ഡോ.അഖില്‍ കൃഷ്ണന്
അസ്സോസിയേറ്റ് കണ്‍സല്‍ട്ടന്റ്
എന്‍ഡോക്രൈനോളജി & ഡയബറ്റിസ്,
കിംസ്ഹെല്‍ത്ത് തിരുവനന്തപുരം
Comments