തിരുവനന്തപുരം: നിയമപാലനം നടത്തേണ്ട പോലീസുകാർ ക്രിമിനൽ കേസുകളിൽ പ്രതികളാവുന്ന വാർത്ത നിരന്തരം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളീയ സമൂഹം.അടിപിടി കേസുകളിൽ മുതൽ പോക്‌സോ കേസുകളിൽ വരെ കാക്കികുപ്പായക്കാർ പ്രതികളാവുന്നത് മുഴുവൻ സേനയ്‌ക്കും വലിയ അപമാനമാണ് ഉണ്ടാക്കുന്നത്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാവുന്ന പോലീസുകാർക്ക് നേരെ സസ്‌പെൻഷനിൽ കൂടിയ നടപടി വരുന്നത് വളരെ അപൂർവ്വമായ സന്ദർഭങ്ങളിലാണെന്നതും ഇത്തരം പ്രവൃത്തികൾക്ക് വളമാകുന്നു.
കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കേരളത്തിലെ പോലീസ് സേനയിൽ 744 ക്രിമിനൽ കേസ് പ്രതികളാണ് ഉള്ളത്. ലൈംഗികപീഡനം,കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കൽ,സ്ത്രീപീഡനം തുടങ്ങി ഗുരുതരമായ കേസുകളിൽ പ്രതിയായവർ സേനയിൽ ഇപ്പോഴും സസുഖം വാഴുന്നുവെന്നത് ആഭ്യന്തരവകുപ്പിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്.
സംസ്ഥാനത്ത് അഴിഞ്ഞാടുന്ന ഗുണ്ടകളുമായും ലഹരി- സെക്‌സ് മാഫിയകളുമായും രഹസ്യബന്ധം സൂക്ഷിച്ച് നിയമലംഘനത്തിനും ചില പോലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു. ആയിരവും ,പതിനായിരവും ,ലക്ഷങ്ങളും കൈക്കൂലി വാങ്ങി ഉന്നതൻമാർക്കെതിരെയുള്ള സാധാരണക്കാരുടെ കേസുകൾ തേയ്ച്ചുമാച്ചു കളയുന്നവരും കുറവല്ല. ക്രിമിനലുകൾ നിയന്ത്രണമില്ലാതെ വാഴുന്നത് പരസ്യമായ രഹസ്യമാണെങ്കിലും രാഷ്‌ട്രീയസംഘടനാ ബലത്തിന്റെ പേരിൽ ഇവർക്കെതിരെ ഒരു ചെറുവിരലനക്കാൻ പോലും പലരും ഭയപ്പെടുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ ഇത് വരെ സർവ്വീസിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ എണ്ണം 18 മാത്രമാണെന്ന് അറിയുമ്പോഴാണ് ഇതിന്റെ ഗൗരവം തിരിച്ചറിയാനാകുക.
പോലീസുകാർ ഉൾപ്പെട്ട നിരവധി ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പരാതി പോലും ആവാത്ത കേസുകൾ അതിലുമപ്പുറമാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പോലീസുകാരുടെ പട്ടികയുണ്ട്. ഇതിനുപുറമെ വിവിധ കേസുകളിൽ പ്രതിസ്ഥാനത്തുള്ള 691 പേരാണ്. തിരുവനന്തപുരം സിറ്റി 84, തിരുവനന്തപുരം റൂറൽ 110, കൊല്ലം സിറ്റി 48, കൊല്ലം റൂറൽ 42 ,പത്തനംതിട്ട 35 ,ആലപ്പുഴ 64 ,കോട്ടയം 42 ,ഇടുക്കി 26, എറണാകുളം സിറ്റി 50,എറണാകുളം റൂറൽ 40 ,തൃശൂർ സിറ്റി 36, തൃശൂർ റൂറൽ 30, പാലക്കാട് 48 ,മലപ്പുറം 37 ,കോഴിക്കോട് സിറ്റി 18 ,കോഴിക്കോട് റൂറൽ 16 കണ്ണൂർ 18 എന്നിങ്ങനെയാണ് ക്രമിനൽ കേസുകളിൽ പ്രതികളായ പോലീസുകാരുടെ എണ്ണം.
പോലീസുദ്യോഗസ്ഥരെ സേനയിൽ നിന്ന് പുറത്താക്കാൻ മൂന്ന് തരത്തിൽ വ്യവസ്ഥകളുണ്ട്. പോലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം,അസാന്മാർഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ സേനയിൽ നിന്ന് പുറത്താക്കാം. ഇനി അഥവാ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ശാരീരികമോ മാനസികമോ ആയ പെരുമാറ്റം കൊണ്ട് പോലീസ് ജോലിക്ക് ‘അൺഫിറ്റാണെങ്കിൽ’ 86(സി) ചട്ടപ്രകാരം പുറത്താക്കാം. അതും പോരാഞ്ഞ് പോലീസ് ആക്ടിൽ 2012-ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ചവരുത്തിയാലും പിരിച്ചുവിടാം. ഇത്രയും നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് കാക്കിക്കുള്ളിലെ കാപാലികർ അരങ്ങു വാഴുന്നത്.















