ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഡീലർഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ മക്ലാരൻ ഓട്ടോമോട്ടീവ്. ലോകത്തിലെ ഏറ്റവും മികച്ച സ്പോർട്സ്, സൂപ്പർ കാറുകൾ നിർമ്മിക്കുന്ന കമ്പനികളിലൊന്നായ മക്ലാരന് ഇന്ത്യയിലും ആരാധകർ ഏറെയാണ്. മക്ലാരൻ ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് മുംബൈയിൽ ഉദ്ഘാടനം ചെയ്തു. വിപണിയിൽ 765LT പ്രദർശിപ്പിച്ചുകൊണ്ടാണ് ഇന്ത്യയ്ക്കായുള്ള തങ്ങളുടെ ലൈനപ്പ് കമ്പനി വിപുലീകരിച്ചത്.
മക്ലാരന്റെ ഇന്ത്യയിലെ ആദ്യത്തെ ലോംഗ് ടെയിൽ മോഡലാണ് 765. കൂപ്പെ, സ്പൈഡർ ബോഡിസ്റ്റൈലുകളിൽ ഇവ ലഭ്യമാകും. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായുള്ള ലൈനപ്പിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘അർതുറ ഹൈബ്രിഡ്’ 2023-ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മക്ലാരൻ സ്ഥിരീകരിച്ചു. 2016 മുതൽ ഇന്ത്യയിൽ പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്നതിനായി കമ്പനി ശ്രമിച്ചിരുന്നുവെന്ന് മക്ലാരന്റെ ഡീലർ പാർട്ണറും ഇൻഫിനിറ്റി കാർസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനുമായ ലളിത് ചൗധരി പറഞ്ഞു.
കമ്പനി ഇതുവരെ ഇന്ത്യയിൽ പത്തോളം കാറുകൾ വിറ്റഴിച്ചുകഴിഞ്ഞു. വരും വർഷങ്ങളിൽ പുതിയ മോഡലുകൾ വിതരണം ചെയ്യാൻ പദ്ധതിയിടുന്നു. ‘ഇന്ത്യയിൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. രാജ്യത്തെ ഉപഭോക്താക്കളെയും താൽപ്പര്യക്കാരെയും മക്ലാരൻ പൂർണ്ണമായും സന്തോഷിപ്പിക്കും. ഞങ്ങളുടെ മനോഹരമായ സൂപ്പർ കാറുകളുടെ പ്രകടനവും മികവും നിങ്ങൾ അനുഭവിച്ചറിയുന്നത് കാണാനുള്ള അവേശത്തിലാണ് ഞങ്ങൾ’ എന്ന് മക്ലാരൻ ഓട്ടോമോട്ടീവ് എംഡി പോൾ ഹാരിസ് പറഞ്ഞു. വരും മാസങ്ങളിൽ ഏഴ് നഗരങ്ങളിൽ റോഡ് ഷോയും മക്ലാരൻ സംഘടിപ്പിക്കും.
Comments