സിഡ്നി: ബലാത്സംഗ കേസിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയ്ക്ക് ജാമ്യം അനുവദിച്ച് സിഡ്നി കോടതി. സാമൂഹിക മാദ്ധ്യമങ്ങളും ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുന്നതിൽ നിന്നും കോടതി താരത്തെ വിലക്കി. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട 29 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ നവംബർ 6ന് അർദ്ധരാത്രിയിലായിരുന്നു സിഡ്നിയിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ നിന്നും ഓസ്ട്രേലിയൻ പോലീസ് ഗുണതിലകയെ കസ്റ്റഡിയിൽ എടുത്തത്.
ജാമ്യകാലയളവിൽ ഗുണതിലക എല്ലാ ദിവസവും പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ട്വന്റി 20 ലോകകപ്പിൽ നിന്നും പുറത്തായ ശ്രീലങ്കൻ ടീം, നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെയായിരുന്നു ഗുണതിലകയുടെ അറസ്റ്റ്.
ഒന്നര ലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് ജാമ്യത്തിന് വേണ്ടി ഗുണതിലകയ്ക്ക് കോടതിയിൽ കെട്ടിവെക്കേണ്ടി വന്നത്. ഗുണതിലകയുടെ പാസ്പോർട്ടും ഓസ്ട്രേലിയൻ പോലീസ് പിടിച്ചെടുത്തു.
അറസ്റ്റിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് താരത്തെ ടീമിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കുറ്റം തെളിഞ്ഞാൽ ഗുണതിലകയ്ക്ക് 14 വർഷം വരെ ജയിലിൽ കഴിയേണ്ടി വരും. ഇടങ്കൈയ്യൻ ബാറ്ററാണ് ധനുഷ്ക ഗുണതിലക.
Comments