തിരുവന്തപുരം: നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് ശശി തരൂർ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിച്ച ബ്രാൻഡാണെന്ന് ഡൽഹിയിൽ പുസ്തക പ്രകാശനത്തിനിടെ ശശി തരൂർ പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസ്സിന്റെ താര പ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തത് താൻ താര പ്രചാരകൻ അല്ലാത്തതുകൊണ്ടാവും എന്നും ശശി തരൂർ പ്രതികരിച്ചു.
ഡൽഹിയിൽ പികെഡി നമ്പ്യാരുടെ യു ടൂ കാൻ ബി എ ബ്രാൻഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ്സ് നേതാവും എംപിയുമായ ശശി തരൂർ പ്രശംസിച്ചത്. നരേന്ദ്ര മോദി പ്രവർത്തിച്ച് വിജയിച്ച ബ്രാൻഡാണെന്ന് അദ്ദേഹം പറഞ്ഞു.നെഗീറ്റവ് ഇമേജ് മറികടന്നുകൊണ്ട് ജനങ്ങളെ സ്വാധീനിക്കുന്ന ബ്രാൻഡായി മാറാൻ നരേന്ദ്ര മോദിക്ക് സാധിച്ചെന്നും ശശി തരൂർ വ്യക്തമാക്കി.
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ താര പ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് താൻ താര പ്രചാരകൻ അല്ലാത്തതുകൊണ്ടാവും തന്നെ വിളിക്കാത്തതെന്നും തരൂർ പ്രതികരിച്ചു.ആരാണ് മികച്ചവരെന്ന് പാർട്ടിക്ക് നന്നായി അറിയാമെന്നും അതു കൊണ്ട് നിരാശയുണ്ടോയെന്ന ചോദ്യം അപ്രസക്തമാണെന്നും ശശി തരൂർ പറഞ്ഞു. വിഷയത്തിൽ വിവാദത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 താര പ്രചാരകരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കനയ്യ കുമാർ, അശോക് ഗെഹ്ലോട്ട് രമേശ് ചെന്നിത്തല, സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് താരപ്രചാരകരുടെ പട്ടികയിൽ ഇടം നേടിയത്.താര പ്രചാരകരുടെ പട്ടികയിൽ തരൂരിനെ ഉൾപ്പെടുത്താത്തത് വിവാദമായിരുന്നു.
Comments