ഹൈദരാബാദ്; കോളേജ് അദ്ധ്യാപികയ്ക്ക് നേരെയുള്ള ആക്രമണം തടഞ്ഞ് വിദ്യാർത്ഥികൾ. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ആർട്സ് കോളേജിലാണ് സംഭവം. കോളേജിൽ വെച്ച് സുമംഗലി എന്ന അദ്ധ്യാപകിയെ ഭർത്താവാണ് കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത്.
ഭർത്താവ് ആക്രമിക്കാൻ എത്തിയപ്പോഴേക്കും അദ്ധ്യാപിക നിലവിളിക്കുകയും സുരക്ഷാ അലാറം മുഴക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികൾ ഓടിയെത്തി അക്രമിയെ കീഴ്പ്പെടുത്തുകയും അദ്ധ്യാപികയെ രക്ഷിക്കുകയുമായിരുന്നു.
കഴിഞ്ഞ ഒരു വർഷമായി വേർപിരിഞ്ഞ് കഴിയുകയാണ് സുമംഗലിയും ഭർത്താവും. അടുത്തിടെ യുവതി ഭർത്താവിനെതിരെ ഗാർഹിക പീഡനക്കേസ് നൽകുകയും വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
Comments