കോഴിക്കോട്: മാവൂർ സ്റ്റേഷനിലെ പോലീസുകാരുടെ നേതൃത്വത്തിൽ ഒരുക്കിയ ഹ്രസ്വചിത്രം ലൈഫ് ലൈൻ ജനശ്രദ്ധയാകർഷിക്കുന്നു. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗവും അത് കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് എടുത്ത് കാട്ടുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
ലഹരിയെ നിർമ്മാർജ്ജനം ചെയ്യാനുള്ള യജ്ഞത്തിൽ പോലീസുകാർക്കൊപ്പം പൊതുസമൂഹം കൈകോർക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രധാനമായും ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഇതിന് പുറമെ യുവതലമുറയെ കീഴടക്കിയ മയക്കുമരുന്നിനെതിരെ ജാഗ്രതപുലർത്തണമെന്ന സന്ദേശം പകർന്ന് നൽകിയാണ് വീഡിയോ അവസാനിക്കുന്നത്.
മാവൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ലിജു ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഷിജു പാപ്പന്നൂർ ക്രിയേറ്റീവ് ഡയറക്ടറായിരിക്കുന്ന ചിത്രത്തിൽ സിനിമോട്ടോഗ്രഫി നിർവഹിച്ചിരിക്കുന്നത് ബെൻജിത് പി ഗോപാലാണ് . മാവൂർ എസ്.ഐ മഹേഷ്കുമാർ, ഹരീന്ദ്രനാഥ്, ടി.കെ രമ്യ, വിഷ്ണു രാജൻ, വൈഗ ഗോപാൽ, അനിഹ ബിജിത്ത് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.നിപുൺ കരിപ്പാൽ എഡിറ്റിംഗും, മാവൂർ എസ്. ഐ വേണുഗോപാൽ പ്രൊഡക്ഷൻ ഡിസൈനും, അഖിൽ തിരുവോട് അസോസിയേറ്റ് ഡയറക്ടറായും , ദനുഷ് ഹരികുമാർ ആണ് പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അർജുൻ,സനീഷ് രാജ് എന്നിവരാണ് അസിസ്റ്റന്റ് ക്യാമറ.















