ഓക്ലാന്റ്: ടി20 പരമ്പര നേടിയ ടീം ഇന്ത്യ പുതിയ മുഖവുമായി കിവീസിനെതിരെ ഇറങ്ങുമ്പോൾ കരുത്താവുന്നത് ശിഖർ ധവാനും സഞ്ജുവും. ധവാനും സഞ്ജുവിനും പ്രാധാന്യം കൊടുത്ത് ടീം ഇന്ത്യയുടെ പരിശീലന ചിത്രങ്ങൾ ബിസിസിഐ പുറത്തുവിട്ടിരിക്കുകയാണ്.
ടി20യിൽ ടീമിലുണ്ടായിരുന്നിട്ടും അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് മികച്ച അവസരമാണ് വന്നിരിക്കുന്നത്. അടുത്ത വർഷം ഏകദിന ലോകകപ്പ് ക്രിക്കറ്റ് വരാനിരിക്കേ സഞ്ജുവിന് ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളും നിർണ്ണായകമാണ്.
കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരെ വിജയകരമായി പടനയിച്ച ശിഖർ ധവാന് ബിസിസിഐ നൽകിയിരിക്കുന്നത് അർഹിക്കുന്ന പദവിയാണ്. ഐപിഎല്ലിൽ പഞ്ചാബ് നായകനാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കിവികൾക്കെതിരെ ഡൽഹിയുടെ കരുത്തൻ ടീമിനെ നയിക്കുന്നത്. ഒപ്പം സഞ്ജു സാംസണ് വിദേശ പിച്ചിൽ മികച്ച പ്രകടനം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്.
ഓപ്പണറായി എന്നും വിശ്വസ്തനാണെന്ന് തെളിയിച്ച ശിഖർ ധാവനൊപ്പം ശുഭ്മാൻ ഗില്ലാണ് ഇറങ്ങുന്നത്. സൂര്യകുമാർ മൂന്നാമനായി ഇറങ്ങിയാൽ ശ്രേയസ്സിനും താഴെ ഉപനായകനായി ഋഷഭ് പന്ത് മധ്യനിരയിലേക്ക് ഇറങ്ങികളിക്കേണ്ടി വരും.
മധ്യനിരയിൽ ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനെന്ന് തെളിയിച്ച സഞ്ജു ഏത് സ്ഥാന ത്തിറങ്ങും എന്നതാണ് കാണേണ്ടത്. മധ്യനിരയിൽ ഓൾറൗണ്ടർ റോളിൽ ഷാർദ്ദൂൽ ഠാക്കൂർ ഇന്ത്യയ്ക്ക് കരുത്താണ്. ബൗളിംഗിൽ അർഷദീപും ദീപക് ചാഹറും ഉമ്രാൻ അക്മലും പേസ് കരുത്തോടെ ടീമിലുണ്ട്. സ്പിന്നറുടെ റോളിൽ യുസ്വേന്ദ്രചാഹലിനാണോ കുൽദീപ് യാദവിനാണോ സാദ്ധ്യത എന്നാണ് അറിയാനുള്ളത്. ഓൾറൗണ്ടർമാരായി ഷാർദ്ദൂലിനൊപ്പം ദീപക് ഹൂഡയും വാഷിംഗ്ടൺ സുന്ദറും ടീമിലുണ്ട്.
Comments