തിരുവനന്തപുരം: എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂർ (59) അന്തരിച്ചു. തിരുവനന്തപുരത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.രാവിലെ മുതൽ സതീഷിന്റെ ഫോണിൽ മറുപടിയില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസെത്തി ഫ്ളാറ്റിന്റെ വാതിൽ തുറന്നപ്പോഴാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.
കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു.
1963 പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസത്തിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. 1980 കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർഡുകൾക്കും അർഹനായിട്ടുണ്ട്.
Comments