ബെയ്ജിംഗ് : കടം വീട്ടാൻ തെരുവ് കച്ചവടക്കാരനായി മാറി ചൈനീസ് റെസ്റ്റോറന്റ് വ്യവസായി. അമ്പത്തിരണ്ടുകാരനായ ടാങ് ജിയാനാണ് തന്റെ ദശലക്ഷക്കണക്കിന് ഡോളറിന്റെ കടം വീട്ടുന്നതിന് തെരുവുകളിൽ ഭക്ഷണ വിൽപ്പന ആരംഭിച്ചത്. ഹാങ്ഷൗ നഗരമാണ് ഭക്ഷണ വിൽപ്പനയ്ക്ക് അദ്ദേഹം തിരഞ്ഞെടുത്തത്.
നിരവധി ഭക്ഷണ ശാലകളുടെ ഉടമയായിരുന്നു ടാങ് . എന്നാൽ 2005 ൽ അദ്ദേഹം സൗന്ദര്യവത്കരണ സാങ്കേതിക വിദ്യയിലേക്കും വ്യാപാര ശൃംഖല വികസിപ്പിക്കാൻ ശ്രമിച്ചു. ഇത് ടാങ്നെ വലിയ കടക്കെണിയിൽ കൊണ്ട് എത്തിക്കുകയായിരുന്നു. തുടർന്ന് വീടുകളും വാഹനങ്ങളും വിറ്റ് പകുതി ബാധ്യത അദ്ദേഹം തീർത്തു. ബാക്കിയുള്ള 6.4 ദശലക്ഷം ഡോളർ കടം തീർക്കുന്നതിനാണ് അദ്ദേഹം തെരുവുകളിൽ ഭക്ഷണ വിൽപ്പന ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി ഹാങ്ഷൗ നഗരത്തിൽ ഒരു സോസേജ് സ്റ്റാൾ സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു. തങ്ങൾ വെല്ലുവിളി നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എന്നാൽ ഒരിക്കലും പരാജയപ്പെടില്ല എന്ന മനോഭാവം നാം മുറുകെ പിടിച്ചാൽ എല്ലാത്തിനെയും നേരിടാം എന്ന് ടാങ് പറയുന്നു.
ബുദ്ധിമുട്ടുകൾ നേരിടാനും ധൈര്യത്തോടെ മുന്നോട്ട് പോകാനും നാം പഠിക്കേണ്ടതുണ്ട്. അതിന് ശ്രമിക്കുന്ന ആളുകളെ താൻ ശക്തിപ്പെടുത്തും. മനുഷ്യൻ ജനിച്ചത് ഒന്നും ഇല്ലാതെയാണ്. അതിനാൽ വീണ്ടും ജീവിതം തുടങ്ങാൻ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പേരാണ് ടാങ്ങിന്റെ വാക്കുകൾക്ക് പിന്തുണയുമായി സമൂഹ മാദ്ധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.
Comments