ഇടുക്കി: പൂപ്പാറയിൽ പുഴ കയ്യേറി നിർമ്മിച്ച കെട്ടിടം പൊളിക്കുന്നതിന് നൽകിയ സ്റ്റേ നീക്കുന്നതിന് നിയമ നപടിയുമായി ഗ്രാമ പഞ്ചായത്ത്. സ്റ്റേ നീങ്ങിയതിന് ശേഷം കെട്ടിടം പൊളിച്ച് നീക്കാനുള്ള നടപടിയുമായി മുൻപോട്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. അതേ സമയം സമാനമായ രീതിയിൽ നിർമ്മിച്ചതെന്ന് കണ്ടെത്തിയ നിരവധി കെട്ടിടങ്ങൾക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. വീട് മുതൽ പള്ളിവരെ പുഴ കയ്യേറി നിർമ്മിച്ചെന്നാണ് കണ്ടെത്തൽ.
പഞ്ചായത്തിന്റെ അനുമതി വാങ്ങാതെ പൂപ്പാറ പാലത്തിന് സമീപം പുഴ കയ്യേറി അനധികൃതമായി നിർമ്മിക്കുന്ന കെട്ടിടത്തിന് കഴിഞ്ഞമാസം സ്റ്റോപ് മെമ്മോ നൽകുകയും പിന്നീട് ആർ ഡി ഒയുടെ നിർദ്ദേശ പ്രകാരം കെട്ടിടം പൊളിച്ച് നീക്കാൻ പഞ്ചായത്ത് ഉത്തരവിടുകയും ചെയ്തു. എന്നാൽ പോലീസിൻറേയും റവന്യൂ വകുപ്പിൻറേയും സഹായത്തോടെ കെട്ടിടം പൊളിക്കാനായി എത്തിയ സാഹചര്യത്തിലാണ് കഴിഞ്ഞ 17 ന് പൊളിക്കൽ ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാൽ നിർമ്മാണം പൂർണ്ണമായും അനധികൃതമെന്നാണ് പഞ്ചായത്തിന്റെ വാദം. അതുകൊണ്ട് തന്നെ സ്റ്റേ നീക്കുന്നതിനുള്ള നിയമ നടപടികൾ ആരംഭിച്ചെന്നും തുടർ നടപടികളുമായി മുമ്പോട്ട് പോകുമെന്നും പഞ്ചായത്ത് സെക്രട്ടറി റംഷാദ് പറഞ്ഞു.
നിലവിൽ നിർമ്മിച്ചിരിക്കുന്നത് കൂടാതെ നിരവധി കെട്ടിടങ്ങൾ അനധികൃതമായി നിർച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെല്ലാം പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുമുണ്ട്. ഈ കെട്ടിടങ്ങൾക്കെതിരേയും നിയമ നടപടിയുമായി മുൻപോട്ട് പോകുമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
Comments