ലക്നൗ : വിവാഹാഘോഷത്തിനിടെ വെടിയുതിർത്ത വരനെതിരെ പോലീസ് കേസെടുത്തു .ഹരിദ്വാറിലെ ജ്വാലപൂർ കോട്വാലി പ്രദേശത്തെ കൗൺസിലർ ബാബർ ഖാന്റെ മകൻ ഹാറൂൺ ഖാനാണ് സ്വന്തം വിവാഹം നടന്നതിന്റെ സന്തോഷത്തിൽ റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തത് .
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ വിവാഹിതനായത്. വിവാഹവേദിയിൽ നൃത്തം നടക്കവെയായിരുന്നു സംഭവം . അതിനിടെ, ആളുകൾക്കിടയിലേക്ക് ലൈസൻസുള്ള റൈഫിൾ ഉപയോഗിച്ച് ഹാറൂൺ ആകാശത്തേക്ക് വെടിയുതിർത്തു. ഈ സമയത്ത് വീഡിയോ എടുത്തിരുന്നു. പിന്നീട് ഇൻസ്റ്റഗ്രാമിൽ വീഡിയോ അപ്ലോഡ് ചെയ്തു. ഹാറൂണിന്റെ വെടിയുതിർക്കുന്ന വീഡിയോ വൈറലാകുകയും വീഡിയോ പരിശോധിച്ച പൊലീസ് ഹാറൂണിനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.
ലൈസൻസുള്ള തോക്കിൽ നിന്നാണ് പ്രതി വെടിയുതിർത്തത്. തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ് പറഞ്ഞു.
Comments