എറണാകുളം: സംവിധായകൻ ഹേമന്ത് നായരുടെ പുതിയ ചിത്രത്തിന് ഹിഗ്വിറ്റയെന്ന് പേര് നൽകരുതെന്ന് ഫിലിം ചേംബർ. പേര് നൽകണമെങ്കിൽ സാഹിത്യകാരൻ എൻഎസ് മാധവനിൽ നിന്നും അനുമതി വാങ്ങാൻ ഫിലിം ചേംബർ നിർദ്ദേശം നൽകി. സിനിമയുടെ പേരിനെതിരെ എൻഎസ് മാധവൻ രംഗത്ത് വന്നതോടെയായിരുന്നു ഫിലിം ചേംബറിന്റെ നടപടി.
ഇന്നലെ ചേർന്ന യോഗത്തിലാണ് പേരിന് വിലക്ക് ഏർപ്പെടുത്താൻ നിർദ്ദേശിച്ചത്. എൻഎസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണ് ഹിഗ്വിറ്റ. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ പേര് ഉപയോഗിക്കരുത് എന്നായിരുന്നു യോഗം നിരീക്ഷിച്ചത്. ഇതേ തുടർന്നാണ് പേര് താത്കാലികമായി വിലക്കിയത്. എൻഎസ് മാധവനിൽ നിന്നും അനുമതി വാങ്ങിയതിന് ശേഷം വിലക്കുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച ചെയ്യുമെന്നും ഫിലിം ചേംബർ അറിയിച്ചു.
അതേസമയം 2019 ൽ സിനിമ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നതായി അണിയറ പ്രവർത്തകർ പ്രതികരിച്ചു. എന്നാൽ പേര് മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നില്ല. സിനിമ പൂർത്തിയായതിന് പിന്നാലെ വിവാദമുണ്ടാക്കുകയാണ്. ഹിഗ്വിറ്റ പ്രശസ്ത ഫുട്ബോൾ താരത്തിന്റെ പേരാണ്. സിനിമയ്ക്ക് ചെറുകഥയുമായി ബന്ധമില്ല. പേര് മാറ്റാൻ നിർദ്ദേശിച്ചത് നിരാശജനകമാണെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഹ്വിഗിറ്റയെന്ന പേര് മാറ്റാൻ നിർദ്ദേശിച്ച ഫിലിം ചേംബറിന് എൻഎസ് മാധവൻ നന്ദി അറിയിച്ചു.
Comments