തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മുസ്ലീം പ്രീണന നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ഭരണഘടനക്ക് അനുസരിച്ചാണോ ശരീഅത്തിന് അനുസരിച്ചാണോ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. മുസ്ലീം മതനേതാക്കൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുകയാണെന്നും എം ടി രമേശ് പറഞ്ഞു.
സർക്കാർ ഭരണഘടനാപരമായ കാര്യങ്ങളാണ് പാലിക്കേണ്ടത്. തുല്യനീതിയും തുല്യ അവസരവും ലിംഗസമത്വവും രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന പ്രധാനപ്പെട്ട ആശയങ്ങളാണ്. അത് നടപ്പിലാക്കുക എന്നതാണ് ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തിന്റെ പ്രാഥമിക ബാദ്ധ്യത. പക്ഷേ കുറച്ചു കാലമായി സംസ്ഥാന സർക്കാർ ഭരണഘടനാപരമായ തത്വങ്ങളേയും മൂല്യങ്ങളേയും പിന്തുടരാനല്ല ശ്രമിക്കുന്നത്. അതിന് പകരം മതമൗലികവാദികളുടെയും മതസംഘടനകളുടെയും സ്ഥാപിത താത്പര്യങ്ങൾക്ക് അനുസൃതമായി നിലപാട് സ്വീകരിക്കുന്ന ഒരു സർക്കാരായി പിണറായി സർക്കാർ മാറുകയാണെന്ന് എം ടി രമേശ് പറഞ്ഞു.
മുസ്ലീം സംഘടനകൾക്ക് മുന്നിൽ സർക്കാർ പഞ്ചപുച്ഛമടക്കി മുട്ടുമടക്കുകയാണ്. അവരുടെ തിട്ടൂരങ്ങളും അവരുടെ തീരുമാനങ്ങളുമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം. ഇതാദ്യമല്ല സമസ്തയുടെ തീരുമാനങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നതെന്നും എം ടി രമേശ് ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാൻ സർക്കാർ എടുത്ത തീരുമാനം പിൻവലിച്ചത് സമസ്തയുടെ ഭീഷണിക്ക് വഴങ്ങിയിട്ടാണ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിച്ചതും മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് വഴങ്ങിയായിരുന്നു. ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായി യൂണിഫോം പരിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയതും സമസ്തയുടെ ഭീഷണിയെ തുടർന്നാണെന്നും എം ടി രമേശ് വ്യക്തമാക്കി.
Comments