എറണാകുളം: പുതിയ ചിത്രം ഹിഗ്വിറ്റയുടെ പേര് മാറ്റില്ലെന്ന നിലപാടിലുറച്ച് സംവിധായകൻ ഹേമന്ത് ജി നായർ. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സംവിധായകന്റെയും അണിയറ പ്രവർത്തകരുടെയും തീരുമാനം. സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പരിഹാരം കാണാൻ ഫിലിം ചേംബർ ചൊവ്വാഴ്ച യോഗം വിളിച്ച് ചേർത്തിരുന്നു. ഇതിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സിനിമയുടെ പേര് മാറ്റില്ലെന്ന നിലപാട് സംവിധായകൻ ആവർത്തിച്ചത്.
സിനിമയുടെ ഹിഗ്വിറ്റ എന്ന പേര് മാറ്റണമെന്നും അല്ലാത്ത പക്ഷം പേരിനുള്ള വിലക്ക് തുടരുമെന്നുമായിരുന്നു ഫിലിം ചേംബർ അണിയറ പ്രവർത്തകരെ അറിയിച്ചത്. പേര് ഉപയോഗിക്കണമെങ്കിൽ എൻഎസ് മാധവനിൽ നിന്നും അനുമതി വാങ്ങണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമയും എൻഎസ് മാധവന്റെ ഹിഗ്വിറ്റ എന്ന കഥയും തമ്മിൽ ബന്ധമില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഇതോടെ വിലക്ക് തുടരുമെന്ന് ഫിലിം ചേംബറും അറിയിച്ചു. തുടർന്ന് ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയായിരുന്നു ഹിഗ്വിറ്റ എന്ന സിനിമയെ ചൊല്ലി വിവാദം ആരംഭിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഹിഗ്വിറ്റ എന്ന പേര് ഉപയോഗിച്ചതിനെ കുറ്റപ്പെടുത്തി എൻഎസ് മാധവൻ രംഗത്തുവരികയായിരുന്നു. തന്റെ കഥ സിനിമയാക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്. ഇതിനിടെയാണ് ഹിഗ്വിറ്റ എന്ന പേരിൽ സിനിമ ഇറങ്ങുന്നത്. ഇത് തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി എൻ.എസ് മാധവൻ ഫിലിം ചേംബറിന് കത്തും നൽകിയിരുന്നു. ഇതിലാണ് സിനിമയുടെ പേരിന് വിലക്ക് ഏർപ്പെടുത്തിയത്.
Comments