ലണ്ടൻ: ചാൾസ് മൂന്നാമന് നേരെ വീണ്ടും മുട്ടയേറ്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ചാൾസ് മൂന്നാമനെതിരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്.
ലുട്ടണിലായിരുന്നു സംഭവം. പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ചാൾസ് മൂന്നാമൻ. വേദിയിലേക്ക് പോകുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നിരുന്ന അക്രമി അദ്ദേഹത്തിന് നേരെ മുട്ടയെറിയുകയായിരുന്നു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സെന്റ് ജോർജ് സ്ക്വയറിൽ നിന്നും പിടികൂടുകയായിരുന്നു.പിന്നീട് ഇയാളെ പോലീസിൽ ഏൽപ്പിച്ചു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഏതാനും ആഴ്ചകൾക്ക് മുൻപും അദ്ദേഹത്തിന് നേരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. നോർത്ത് ഇംഗ്ലണ്ടിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിനും ഭാര്യ കാമില്ലയ്ക്കും നേരെ മുട്ടയേറ് ഉണ്ടായത്. സംഭവത്തിൽ 23 കാരനെ പിടികൂടിയിരുന്നു. ചാൾസ് മൂന്നാമന് നേരെ മുട്ടയെറിയുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Comments