രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗം ആളുകളും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ്. സൗകര്യവും യാത്രാ നിരക്കിലുള്ള കുറവും തന്നെയാണ് സാധാരണക്കാരെ ട്രെയിൻ യാത്ര തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ട്രെയിനിൽ കയറുമ്പോൾ പലർക്കും ഒരു പേടിയുണ്ടാകും. അറിയാതെ ഉറങ്ങിപ്പോയാൽ ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാലും അറിയില്ല എന്ന ഭയം പലരെയും വേട്ടയാടും. അതുകൊണ്ടു തന്നെ രാത്രി സമയങ്ങളിൽ ട്രെയിനിൽ ഉറങ്ങുന്ന യാത്രക്കാർ പേടിയോടെയാണ് മയങ്ങുന്നത്.
എന്നാൽ യാത്രക്കാരുടെ ഈ പ്രശ്നം പരിഹരിക്കാൻ റെയിൽവേ തന്നെ സൗകര്യമൊരുക്കിയിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യത്തിനായി ഡെസ്റ്റിനേഷൻ അലേർട്ടും വേക്കപ്പ് അലാറവും ഇന്ത്യൻ റെയിൽവേ ആരംഭിച്ചു.
മൊബൈൽ ഫോണിലൂടെയാണ് ഈ വേക്കപ്പ് കോൾ ലഭിക്കുക. ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിന് മുൻപ് എസ്എംഎസും ഡെസ്റ്റിനേഷൻ അലേർട്ട് വേക്കപ്പ് അലാറവും വരും. രാത്രി 11 മണി മുതൽ രാവിലെ 7 മണിവരെ ഈ സൗകര്യം ലഭ്യമാകും. റിസർവേഷൻ ഉള്ള യാത്രക്കാർക്ക് മാത്രമേ ഇത് ലഭിക്കൂ.
ഇതിനായി ആദ്യം 139 എന്ന നമ്പറിൽ ഡയൽ ചെയ്യണം. തുടർന്ന് IVR നിർദ്ദേശപ്രകാരം ചില ഘട്ടങ്ങൾ പൂർത്തിയാക്കണം. ഇതോടെ ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിന് മുൻപ് നിങ്ങൾക്ക് എസ്എംഎസ് ലഭിക്കും.
വേക്കപ്പ് അലാറം സെറ്റ് ചെയ്യാൻ വേണ്ടി ആദ്യം 139 എന്ന നമ്പറിൽ ഡയൽ ചെയ്യുക. തുടർന്ന് ഭാഷ തിരഞ്ഞെടുക്കുക. IVR മെനുവിൽ 7 എന്ന ഓപ്ഷനിൽ അമർത്തുക. IVR നിർദ്ദേശങ്ങൾ അനുസരിച്ച് ഒന്ന് അമർത്തണം. തുടർന്ന് പിഎൻആർ നമ്പർ കൊടുക്കണം. അതിന് ശേഷം 139 ൽ നിന്ന് വേരിഫിക്കേഷന് വേണ്ടി ഒരു സന്ദേശം ലഭിക്കും. തുടർന്ന് ലക്ഷ്യസ്ഥാനം ഏതെന്ന് നൽകാം. ഇറങ്ങേണ്ട സ്റ്റേഷൻ എത്തുന്നതിന് 20 മിനിറ്റ് മുൻപ് നിങ്ങളുടെ ഫോണിലേക്ക് വേക്കപ്പ് അലാറം എത്തും.
Comments