ഡൽഹി: ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയത്തിന്റെ കാരണം സോണിയ ഗാന്ധിയുടെ അനുഗ്രഹമാണെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറയുന്നുവെന്നും അവരുടെ പ്രവർത്തനമാണ് കോൺഗ്രസിന് വിജയം ഒരുക്കിയതെന്നും ഖാർഗെ പറഞ്ഞു. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം.
‘ ഹിമാചൽ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു. ജനങ്ങൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറയുന്നു. അവരുടെ ശ്രമ ഫലമാണ് ഹിമാചലിലെ വിജയം. പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഞാൻ നന്ദി പറയുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത് വിജയത്തിന് കാരണമായി. സോണിയ ഗാന്ധിയുടെ അനുഗ്രഹവും പ്രിയങ്ക ഗാന്ധിയുടെ പ്രയത്നവും കോൺഗ്രസിന്റെ വിജയത്തിന് വഴിയൊരുക്കി എന്ന് ഖാർഗെ പറഞ്ഞു.
അതേസമയം, ഗുജറാത്തിലെ ദയനീയ പരാജയത്തിൽ അധികം നേരം പ്രതികരിക്കാൻ മല്ലികാർജുന ഖാർഗെ തയ്യാറായില്ല. ‘ജനാധിപത്യത്തിൽ ജയവും തോൽവിയും സംഭവിക്കും. ഇത് ആശയപരമായ പോരാട്ടമാണ്. പോരായ്മകൾ തിരുത്തി ഞങ്ങൾ മുന്നോട്ട് പോകും’ എന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ പ്രതികരിച്ചത്. ഹിമാചലിൽ കോൺഗ്രസിന് 39 സീറ്റും ബിജെപിക്ക് 26 സീറ്റുമാണ് ലഭിച്ചത്. അതേസമയം, ഗുജറാത്തിൽ 77 സീറ്റിൽ നിന്നും 17 ലേയ്ക്ക് കോൺഗ്രസ് തകർന്നടിഞ്ഞു.
Comments