അന്താരാഷ്ട്ര പുരസ്കാര തിളക്കത്തിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ ബേസിൽ ജോസഫ്. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബേസിൽ. ടൊവിനോയെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറോ ചിത്രമായ ‘മിന്നൽ മുരളി’യിലൂടെയാണ് താരം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നുമാണ് മിന്നൽ മുരളി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ, പുരസ്കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ.
‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്’ എന്ന് ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവെച്ചു കൊണ്ട് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ പുരസ്കാര നേട്ടം സ്വന്തമാക്കി എന്ന സന്തോഷ വാർത്ത ബേസിൽ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
Congratulations on this feat, dear @basiljoseph25! You have made our home proud! https://t.co/0BzyJjNywn
— Mohanlal (@Mohanlal) December 9, 2022
‘സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022-ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്ക്കാന് കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്. ഈ പുരസ്കാരം ആഗോളതലത്തിലേക്ക് നമ്മളെ ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പാണ്. എന്റെ സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്ലിക്സ്, സിനിമയിലെ അഭിനേതാക്കള്‍, എഴുത്തുകാര്‍ അടക്കമുള്ള സിനിമയുടെ എല്ലാ അണിയറ പ്രവർത്തകരെയും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് സിനിമയുടെ ഭാഗമായ എല്ലാവരോടും നന്ദിയുണ്ട്. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാകുമായിരുന്നില്ല’ എന്ന് ബേസില്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
Comments