ദുബായ് : വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥൻ തടഞ്ഞുവെച്ച നടൻ ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു. കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. തുടർന്ന് ദുബായിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഷൈനിനെ തടഞ്ഞുവെക്കുകയായിരുന്നു.
ഷൈൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയതായിരുന്നു ഷൈൻ. തുടർന്ന് കേരളത്തിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് സംഭവം നടന്നത്. എയർ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈൻ കയറാൻ ശ്രമിച്ചത്.
വിമാനത്തിനകത്ത് ഓടി നടന്ന നടൻ ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളിൽ കയറി കിടക്കുകയായിരുന്നു. തുടർന്ന് കോക്പിറ്റിൽ കയറാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ക്യാബിൻ ക്രൂ ഷൈനിനോട് അനുവദിച്ച സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഇതിന് നടൻ വിസമ്മതിച്ചതോടെ ബഹളമുണ്ടായി. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. വിമാനത്താവളത്തിലെ പോലീസിന് കൈമാറി പരിശോധനകൾ നടത്തുകയും ചെയ്തു. മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.
ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലെത്തിയത്. തമാശയ്ക്കാണ് താൻ കോക്പിറ്റിൻ കയറാൻ ശ്രമിച്ചത് എന്നായിരുന്നു നടന്റെ വിശദീകരണം.
Comments