കോഴിക്കോട് : ആദ്യത്തെ കൊലക്കേസ് നടത്താൻ പണമില്ലാത്തതിനാൽ വീണ്ടും ഒരാളെ കൊന്ന 19 കാരൻ പിടിയിൽ. കോഴിക്കോട് നഗരമദ്ധ്യത്തിൽ വിവിധ ഭാഷാ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ അർജുൻ ആണ് പിടിയിലായത്. എട്ട് മാസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്.
ഡിസംബർ 11 നാണ് വിവിധ ഭാഷാ തൊഴിലാളിയായ സാദിഖ് കൊല്ലപ്പെട്ടത്. കോഴിക്കോട് റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തുള്ള ഇടവഴിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ബാറിൽ വച്ച് സാദിഖ് ഒരാളെ കണ്ടുമുട്ടിയതായി ശ്രദ്ധയിൽ പെട്ടു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേണത്തിലാണ് പ്രതിയായ അർജുൻ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിക്കുന്നത്.
ചെന്നൈയിലെത്തി അന്വേഷിച്ചപ്പോൾ ഇയാൾ മറ്റൊരു കൊലക്കേസിൽ പ്രതിയാണെന്ന് അറിഞ്ഞു. ചെന്നൈയിലെ റെഡ് ഹിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പതിനഞ്ച് വയസ്സുള്ള കുട്ടിയെ ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നതായിരുന്നു അർജുന്റെ പേരിലുണ്ടായിരുന്ന കേസ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്.
അന്വേഷണ സംഘം പ്രതി താമസിക്കുന്ന ചേരിയിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആദ്യത്തെ കൊലപാതക കേസ് നടത്തുന്നതിന് പണം ആവശ്യമായി വന്നപ്പോൾ വീണ്ടും കൊല ചെയ്യുകയായിരുന്നു എന്നാണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്. ബാറിൽ വച്ച് പരിചയപ്പെട്ട സാദിഖിന്റെ പോക്കറ്റിൽ പണം കണ്ടതോടെ അത് തട്ടിയെടുക്കാൻ പിന്നാലെ കൂടുകയായിരുന്നു. ആരുമില്ലാത്ത സ്ഥലത്തെത്തിച്ച് വെട്ടുകല്ല് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പ്രതി വെളിപ്പെടുത്തി. സാദിഖിന്റെ കൈയ്യിലുണ്ടായിരുന്ന 7000 രൂപയും മോഷ്ടിച്ചു എന്നും ഇയാൾ വെളിപ്പെടുത്തി
Comments