ഗോഡ്ഫാദറിന് ശേഷം തിയറ്ററിലേയ്ക്കെത്തുന്ന ചിരഞ്ജീവി ചിത്രമാണ് വാള്‍ട്ടര്‍ വീരയ്യ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതു മുതൽ ചിരഞ്ജീവി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ബോബി കൊല്ലി(കെ എസ് രവീന്ദ്ര) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ, വാള്‍ട്ടര്‍ വീരയ്യയിലെ ‘നുവ്വു സീത വയ്ത്തേ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശ്രുതിഹാസന്റെയും ചിരഞ്ജീവിയുടെയും ഒരു മനോഹര പ്രണയഗാനമാണിത്.
‘നുവ്വു സീത വയ്ത്തേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ദേവി ശ്രീ പ്രസാദ് ആണ്. ജസ്പ്രീത് ജാസും സമീര ഭരദ്വാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ‘ബോസ് പാർട്ടി’ എന്ന ഗാനം ചിരഞ്ജീവി ആരാധകർക്കിടയിൽ വലിയ തരംഗമായി മാറിയിരുന്നു.
ശ്രുതി ഹാസന് നായികയാവുന്ന ചിത്രത്തില്‍ രവി തേജയും കാതറിന് ട്രെസയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കെ എസ് രവീന്ദ്രയുടെ തന്നെയാണ് ചിത്രത്തിന്റെ കഥ. കോന വെങ്കട്, കെ. ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ആര്‍തര്‍ എ വില്‍സണ്‍, എഡിറ്റിംഗ്- നിരഞ്ജന് ദേവറാമണെ, സംഘട്ടനം-റാം ലക്ഷ്മണ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Comments